Kerala
ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169 കോടിയുടെ കേന്ദ്രസഹായംഓഖി ദുരിതാശ്വാസമായി കേരളത്തിന് 169 കോടിയുടെ കേന്ദ്രസഹായം
Kerala

ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169 കോടിയുടെ കേന്ദ്രസഹായം

Sithara
|
3 Jun 2018 6:31 AM GMT

ദുരിതാശ്വാസത്തിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി 7340 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.

ഓഖി ദുരന്തത്തില്‍ കേരളത്തിന് 169.63 കോടി രൂപയുടെ കേന്ദ്ര ധനസഹായം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ദുരിതാശ്വാസത്തിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി 7340 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് കേരളത്തിന് 169.63 കോടി രൂപയുടെ ധനസഹായം നല്‍കാന്‍ തീരുമാനം ആയത്. കേരളത്തിന് പുറമെ ഓഖി ദുരന്തവും വടക്ക് കിഴക്കന്‍ മണ്‍സൂണും ദുരിതത്തിലാക്കിയ തമിഴ്നാട്, വെള്ളപ്പൊക്കമുണ്ടായ ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, വരള്‍ച്ചയുണ്ടായ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് 133.05 കോടി രൂപയാണ് അനുവദിച്ചത്.

നേരത്തെ ദുരിതാശ്വാസം, പുനരധിവാസം, തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണം എന്നിവക്കായി കേരളം 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും അടിയന്തര കേന്ദ്ര ധനസഹായമായി 325 കോടി രൂപ നല്‍കിയിരുന്നു. ദുരന്തം നേരിടാന്‍ കേരളത്തിന് 76 കോടി രൂപയും അനുവദിച്ചു. ഡിസംബര്‍ അവസാന വാരം 133 കോടി രൂപയും കേരളത്തിന് അനുവദിച്ചിരുന്നു. രാജ്നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തര സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുത്തു.

Related Tags :
Similar Posts