കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് അമ്മമാരും മറ്റുള്ളവരും അറിയേണ്ട കാര്യങ്ങള്‍; വൈറലായി ഡോക്ടറുടെ കുറിപ്പ്
|പ്രസവശേഷം മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യതയുള്ള സമയമാണ്
പ്രസവ ശേഷം ഗര്‍ഭിണികള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദങ്ങളും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുമുള്ള ഡോക്ടറുടെ പോസ്റ്റ് വൈറലാകുന്നു. ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫിന്റെതാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നത്തെ മനോരമപ്പത്രത്തിലുമുണ്ടായിരുന്നു ഒരു വാർത്ത. കുഞ്ഞുവാവയുടെ കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ ചവറ്റുകൂനയിൽ ഇട്ടിട്ടുപോയി എന്ന്. ഡൽഹിയിലാണ് സംഭവം...അതുകേട്ടപ്പോൾ ഒന്നുരണ്ട് സംഭവങ്ങൾ ഓർമവന്നു.. ഒന്നാമത്തെ സംഭവം നടക്കുന്നത് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലത്താണ്. പീഡിയാട്രിക്സ് ഓ.പിയിൽ ഒരു കുഞ്ഞിനെയുമായി വാക്സിനേഷൻ നൽകാൻ എത്തിയതാണ് ആ അമ്മ. കുഞ്ഞിന് എന്തോ നിസാരമായ പ്രശ്നമുണ്ട്. ചെറിയ പനിയോ ജലദോഷമോ..അതിനുകൂടി മരുന്ന് കുഞ്ഞിനു നൽകണമെന്ന് ഡോക്ടർ അമ്മയോട് പറഞ്ഞതും അമ്മ കരയാൻ തുടങ്ങി..കൂടെവന്ന അവരുടെ അമ്മ പറഞ്ഞു...
" ഓ, എന്റെ ഡോക്ടറേ, ഇവളിപ്പ എപ്പഴും ഇങ്ങനാ..വേറാർക്കും പിള്ളേരില്ലാത്തപോലെ ..." . ആ അമ്മച്ചി പറഞ്ഞതുപോലെ കുഞ്ഞിനെ നോക്കാൻ കഴിയാത്ത അമ്മയുടെ മടികൊണ്ടുള്ള പ്രശ്നമായിരുന്നില്ല അത്..അതായിരുന്നു പോസ്റ്റ് പാർട്ടം ബ്ലൂവുമായുള്ള ആദ്യ ഏറ്റുമുട്ടൽ.. വർഷങ്ങൾ കഴിഞ്ഞ് ... ബാച്ചിലർ ലൈഫ് ആഘോഷിക്കുകയാണ്. ഒരു ദിവസം സെന്റര്‍ സ്ക്വയർ മാളിൽ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങിയപ്പൊ ഒരു ഫോൺ കോൾ. പ്ലസ് ടു - എന്‍ട്രന്‍സ് കാലത്തെ ഒരു സുഹൃത്താണ്.. അവളുടെ പ്രസവം അടുത്ത് കഴിഞ്ഞു...ഇപ്പോൾ സ്വന്തം വീട്ടിലാണ്..വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെട്ട് നടത്തിയ കല്യാണവും കാത്തിരുന്ന് കിട്ടിയ കുഞ്ഞുമൊക്കെയാണെങ്കിലും ഇപ്പൊ ഒരു സുഖമില്ല. ഇടയ്ക്കിടയ്ക്ക് ഒരു കാരണവുമില്ലാതെ സങ്കടം വരും. കുഞ്ഞ് വേണ്ടായിരുന്നെന്ന് തോന്നും..കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പൊ ഒരുതരം ഇറിറ്റേഷൻ...ചിലപ്പൊ, അപൂർവമായിട്ട് കുഞ്ഞിനെ കൊണ്ടുപോയി എവിടെയെങ്കിലും കളയാമെന്ന് തോന്നിപ്പോകുന്നു..ആ തോന്നൽ മാറിക്കഴിയുമ്പൊ ഓടിച്ചെന്ന് കുഞ്ഞിനെ നോക്കും..അപ്പൊ വിഷമമാകും...ഇരുന്ന് കരയും..
വീട്ടുകാരോട് പറഞ്ഞപ്പൊ മടിയാണെന്നും കഴിയാഞ്ഞിട്ടാണെന്നും തൊട്ട് പ്രാർഥിക്കാൻ പോകാൻ വരെ ഉപദേശങ്ങൾ കിട്ടി..ഒടുവിൽ അമ്മയെയും കുഞ്ഞിനെയും പറ്റി ഞാൻ എഴുതിയ ഏതോ ഒരു കുറിപ്പ് കണ്ടശേഷം ആരുടെയോ കയ്യിൽ നിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചതാണ്...തൽക്കാലം ആ കുട്ടി ഫോൺ ഹോൾഡ് ചെയ്യട്ടെ... ഒലക്കയ്ക്ക് അരി ഇടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വന്ന് പ്രസവിച്ചിട്ട് പോകുന്നതിന്റെയും പുട്ടുകുറ്റിയിൽ നിന്ന് പുട്ട് കുത്തിയിടുന്ന ലാഘവത്തിൽ പതിനാറ് പെറ്റ അമ്മച്ചിമാരുടെയുമൊക്കെ വീരകഥകൾ പാണന്മാർ നാട്ടിൽ പാടിനടക്കുന്നുണ്ടെങ്കിലും പ്രസവവും കുഞ്ഞിനെ നോട്ടവുമൊന്നും അത്ര സുഖമുള്ള ഏർപ്പാടല്ല. വല്ലപ്പോഴും വന്ന് നോക്കിയിട്ട് പോകുന്നവർക്ക് കുഞ്ഞിനെ നോട്ടം എളുപ്പമാണെന്ന് തോന്നുമെങ്കിലും അമ്മയ്ക്ക് അങ്ങനായിരിക്കില്ല.
പ്രസവശേഷം മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യതയുള്ള സമയമാണ്. പ്രത്യേകിച്ച് സൈക്കോളജിക്കൽ സപ്പോർട്ട് കിട്ടിയില്ലെങ്കിൽ..ഇതിനു കാരണം കുഞ്ഞുണ്ടായ ശേഷം ഉറക്കത്തിന്റെ സമയം നഷ്ടപ്പെടുന്നതും വൻ തോതിലുണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങളുമെല്ലാമാകാം. മുൻപ് മാനസികമായ ബുദ്ധിമുട്ടുകളുണ്ടായിട്ടുള്ളവർക്ക് ഇത് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്ന് വച്ച് മാനസികമായ പ്രശ്നങ്ങളുള്ളവർക്ക് മാത്രമേ ഇത് ഉണ്ടാവൂ എന്ന് തെറ്റിദ്ധരിക്കരുത്.
ലഘുവായ പ്രശ്നങ്ങൾ - അതായത് ഉറക്കക്കുറവും പെട്ടെന്ന് കരച്ചിൽ വരുന്ന അവസ്ഥയും നിസഹായയാണെന്ന തോന്നലുമെല്ലാമുണ്ടായി ഏതാനും ദിവസങ്ങൾ കൊണ്ട് മാറുന്ന പോസ്റ്റ് പാർട്ടം ബ്ലൂസ് എന്ന അവസ്ഥ തൊട്ട് ആത്മഹത്യാപ്രവണത ഉണ്ടാവുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനും ഒടുവിൽ ഗുരുതരമായ പോസ്റ്റ് പാർട്ടം സൈക്കോസിസ് വരെ..അതുകൊണ്ട് കുഞ്ഞുണ്ടാവുന്നതിനു മുൻപ് അമ്മമാർ അറിയേണ്ട, അമ്മമാർ മാത്രമല്ല അമ്മമാരുടെ ചുറ്റുമുള്ളവരും ഇതെക്കുറിച്ച് അറിയേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്.
1. ഏറ്റവുമാദ്യം തോന്നുക ഇത് എനിക്ക് മാത്രമുണ്ടാവുന്ന എന്തോ കുഴപ്പമാണെന്നാണ്. ഈ തീയിലേക്ക് എണ്ണ കോരിയൊഴിച്ചുകൊടുക്കാൻ അമ്മ, അമ്മായിയമ്മ, കുഞ്ഞമ്മ, ചിറ്റമ്മ, വല്യമ്മ, വലിക്കാത്ത അമ്മ തുടങ്ങി അയലോക്കത്തെ ചേച്ചിയും കുഞ്ഞിനെയും അമ്മയെയും പീഡിപ്പിക്കാൻ...സോറി കുളിപ്പിക്കാൻ വന്ന ചേച്ചിയും വരെ ഉൾപ്പെടും. പതിനാല് പെറ്റ കഥയും മൂന്നെണ്ണത്തെ ഒറ്റയ്ക്ക് നോക്കിയ കഥയും ഇപ്പൊഴത്തെ പെണ്ണുങ്ങൾക്ക് ഒന്നിനും വയ്യ എന്നുളള തിയറിയുമൊക്കെ ഇറങ്ങും..
അപ്പൊ ആദ്യം മനസിലാക്കേണ്ടത് ഇത് നിങ്ങൾക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രശ്നമല്ല എന്നതാണ്. 15-20% വരെ അമ്മമാർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷനുണ്ടാവാനിടയുണ്ട്. 50% അഥവാ പകുതിയോളം അമ്മമാർക്ക് പോസ്റ്റ് പാർട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം. എന്ന് വച്ചാൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഇതുണ്ടായത് നിങ്ങളുടെ തെറ്റുകൊണ്ടുമല്ല.
2. ഗർഭാവസ്ഥയുടെ അവസാനം തൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസങ്ങൾ കഴിയുന്നത് വരെയുള്ള സന്ദർഭങ്ങളിൽ ഏത് സമയത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. തിരിച്ചറിയുക എന്നതാണ് പ്രധാനം. രക്ഷിക്കാൻ പറ്റുന്നത് ഒന്നല്ല, രണ്ട് ജീവനുകളാണ്, ജീവിതങ്ങളാണ്.
കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒഴിവാക്കുക. സൈക്കോളജിക്കൽ സപ്പോർട്ട്, അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകേണ്ടത് പ്രധാനമാണ്.
3. പറയാൻ വളരെ എളുപ്പമാണ്. കുഞ്ഞ് രാത്രിയിൽ കിടന്ന് കരയും. അപ്പോൾ അമ്മ എണീക്കേണ്ടതായി വരും. പകൽ ഉറങ്ങാൻ സമ്മതിക്കില്ല. ഇനി അഥവാ കുഞ്ഞ് സമ്മതിച്ചാലും പകലുറക്കം നല്ലതല്ലെന്ന് പറഞ്ഞ് കുത്തിയെണീപ്പിച്ച് വിടുന്നവരുണ്ട്...
പ്രസവം കഴിഞ്ഞ് അമ്മ ഒന്ന് പകൽ കിടന്ന് ഉറങ്ങിപ്പോയെന്ന് വച്ച് ഒന്നും സംഭവിക്കില്ല. അമ്മയ്ക്ക് മാത്രം നോക്കാനുള്ളതല്ല കുഞ്ഞ്. വീട്ടിൽ കൂടെയുള്ളത് ആരാണോ അവർ അമ്മയ്ക്ക് ഒരു കൈത്താങ്ങ് നൽകണം. അത് നിർബന്ധമാണ്.
4. തുറന്ന് സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. . പങ്കാളിയോട് തുറന്ന് സംസാരിക്കുക. എന്താണു പ്രശ്നമെന്ന് പറയാൻ ശ്രമിക്കുക. അകാരണമായ സങ്കടങ്ങളോ ദേഷ്യമോ മൂഡ് സ്വിങ്ങോ ഒക്കെ ആവാം തോന്നൽ..സംസാരം അത്യാവശ്യം സെൻസ് ഉള്ള ആരോടെങ്കിലുമാകുന്നതാണ് ഉചിതം. ഇല്ലെങ്കിൽ ചിലപ്പൊ വെറും ബ്ലൂ ആയിരുന്നത് ഡിപ്രഷനിൽ എത്തും :/
ഇനി, മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാൽ ഗൈനക്കോളജിസ്റ്റിനോടും പറയാവുന്നതാണ്. അവർക്ക് മനസിലാകാതിരിക്കില്ല. മറ്റ് അമ്മമാരോട് - സമപ്രായത്തിലുള്ള അമ്മമാരോട് സംസാരിക്കുന്നതും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും ഗുണം ചെയ്യാം.
5. സൈക്യാട്രിസ്റ്റിനെ കാണാൻ മടിക്കേണ്ടതില്ല. അതിൽ ഒരു തെറ്റുമില്ല. അപൂർവമായി ആത്മഹത്യാപ്രവണത ഉള്ള സന്ദർഭത്തിലോ കുഞ്ഞിനെ ഉപദ്രവിക്കണമെന്ന് തോന്നുന്ന അവസ്ഥയിലോ വിദഗ്ധ ഉപദേശം നൽകാൻ ഏറ്റവും കൂടുതൽ കഴിയുന്നത് സൈക്യാട്രിസ്റ്റിനു തന്നെയാണ്. മരുന്നുകൾ തുടങ്ങേണ്ട അവസ്ഥയിൽ തുടങ്ങുക തന്നെ ചെയ്യണം. അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമുണ്ടാവാത്ത രീതിയിലാണ് ഡോക്ടർ മരുന്ന് എഴുതുന്നതെന്ന് മനസിലാക്കുക..ഒരിക്കൽ ആരംഭിച്ചാൽ ജീവിതകാലം മുഴുവൻ തുടരേണ്ടിവരുമെന്നോ അതിന് അഡിക്റ്റാകുമെന്നോ ഉള്ള അബദ്ധധാരണകൾ മാറ്റിവയ്ക്കുക. മരുന്ന് വേണ്ടിടത്ത് മരുന്നുതന്നെ വേണം.
6. മറ്റ് കാര്യങ്ങൾ - പൊതുവായ നിർദേശങ്ങൾ എല്ലാം മുൻപ് പലയിടത്തായി പറഞ്ഞിട്ടുണ്ട് എങ്കിലും ചുരുക്കിപ്പറയാം...
- കുഞ്ഞിന് മുലപ്പാൽ നൽകുക. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ നിർദേശമനുസരിച്ച് മുലയൂട്ടൽ തുടരാം. എല്ലാ അമ്മമാർക്കും സ്വന്തം കുഞ്ഞിനു നൽകാനുള്ള പാലുണ്ടാവും. വിദഗ്ധ ഡോക്ടറുടെ ഒഴികെ ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക.
- കുഞ്ഞിന്റെ നിറം, മുഖം, രൂപം തുടങ്ങിയവയെല്ലാം ജനിതകമായി - അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് - നിർണയിക്കപ്പെടുന്നതാണ്. ഏതെങ്കിലും നിറമോ ലിംഗമോ മറ്റൊന്നിനു മേൽ അധീശത്വമുള്ളതല്ല. അങ്ങനെ കരുതുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും തെറ്റാണ്.
- പ്രസവം ഒരു ദുരന്തമല്ല രക്ഷിച്ചോണ്ട് വരാൻ. അല്പം അധികം ഊർജവും പ്രോട്ടീനും ലഭിക്കുന്ന സമീകൃതാഹാരം കഴിക്കണമെന്നേയുള്ളൂ. ഗർഭാവസ്ഥയിലും പ്രസവശേഷം മുലയൂട്ടുമ്പൊഴും അനാവശ്യ ഭക്ഷണനിയന്ത്രണങ്ങൾ കുറ്റകൃത്യമായി കണക്കാക്കണം.
- അമ്മ എണീറ്റ് നിന്ന് ചാടിയാൽ കൂടെ ചാടുമെന്നല്ലാതെ വെള്ളം കുടിക്കുന്നതുകൊണ്ട് വയർ ചാടുമെന്നുള്ള തോന്നൽ തെറ്റാണ്. വയറിനു ചുറ്റും തുണി മുറുക്കിക്കെട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനുള്ള എക്സർസൈസും ഡയറ്റിങ്ങുമൊക്കെ പിന്നീടാവാം. ഇപ്പോൾ പിൽക്കാലത്ത് യൂട്രസ് പ്രൊലാപ്സ് എന്ന് വിളിക്കുന്ന ഗർഭപാത്രത്തിന്റെ താഴേക്കിറങ്ങൽ ഒഴിവാക്കാൻ സഹായിക്കുന്ന pelvic floor exercises മതിയാവും..സിസേറിയൻ കഴിഞ്ഞാൽ അതേ കിടപ്പിൽ ഒരുപാട് നാൾ കിടക്കുന്നതും ദോഷമേ ചെയ്യൂ
- രണ്ടാമത്തെ കുഞ്ഞ് ഉടൻ ഉണ്ടായാൽ ആദ്യത്തെ കുഞ്ഞിന്റെ കൂടെ അങ്ങ് വളർന്നോളും എന്നൊക്കെ പറയാൻ ആളുണ്ടാവും. അങ്ങനെ ഓഫറൊന്നുമില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ കുഞ്ഞ് രണ്ടാമത്തെ കുഞ്ഞായേ വളരൂ...പാക്കേജുകൾ ലഭ്യമല്ല.
അതുകൊണ്ട് സന്താനനിയന്ത്രണം - നല്ല മനോനിയന്ത്രണമുണ്ടങ്കിൽ ആയിക്കോ , അല്ലാത്തവർക്ക് കോണ്ടമോ കോപ്പർ ടിയോ പോലത്തെ വഴികൾ സ്വീകരിക്കാം. കലണ്ടർ മെഥേഡ് ഫലപ്രദമാവണമെന്നില്ല. കാരണം പ്രസവശേഷം സാധാരണപോലെ മാസമുറ വരാനായി അല്പം കാലതാമസം നേരിട്ടേക്കാം. ചിലപ്പൊ പിരീഡ് വരാതെതന്നെ ഗർഭധാരണം നടക്കാനുമിടയുണ്ട്.. പച്ചമരുന്നുകളും നാട്ടുചികിൽസയും ഈ അവസ്ഥയ്ക്ക് ഫലപ്രദമാണെന്ന് തെളിവൊന്നുമില്ലെന്ന് മാത്രമല്ല കുഞ്ഞിനും അമ്മയ്ക്കും ദോഷവും ചെയ്തേക്കാം.
ഇടയ്ക്ക് പറഞ്ഞ ആ കഥയിലേക്ക് മടങ്ങിവരാം..അവൾക്ക് ഏതായാലും വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഡോക്ടറായിട്ടും ആ സമയത്തും മാനസികാവസ്ഥയിലും അത് പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ വകഭേദമാണെന്ന് മനസിലാകാൻ വൈകിയതാണ്. അതിനു വേണ്ട ചികിൽസ നേടിക്കഴിഞ്ഞപ്പൊ ആൾ വീണ്ടും സാധാരണ അവസ്ഥയിലേക്ക് തിരിച്ച് വന്നു... പണ്ടുള്ള ആ വിവരക്കേട് ഇപ്പഴും ഉണ്ടെന്ന് മാത്രം...