ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
|ഡി വിജയകുമാറിലേക്ക് ചര്‍ച്ച എത്തുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് തീരുമാനം വൈകിപ്പിക്കുന്നു.
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസിലെ ആശയക്കുഴപ്പം തുടരുന്നു. ഡി വിജയകുമാറിലേക്ക് ചര്‍ച്ച എത്തുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് തീരുമാനം വൈകിപ്പിക്കുന്നു. ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ഉയര്‍ന്നുവന്നേക്കും. ഈ മാസം 9ന് നേതാക്കള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും.
എ വിഭാഗത്തിന് അവകാശവാദമുള്ള ചെങ്ങന്നൂര്‍ സീറ്റില്‍ ഡി വിജയകുമാറിനെ നിര്‍ത്താനാണ് ഗ്രൂപ്പിലെ ഭൂരിഭാഗം പേരുടെയും താല്‍പര്യം. അയ്യപ്പ സേവാസംഘം ഭാരവാഹി കൂടി ആയ വിജയകുമാറിനോടാണ് എന്‍എസ്എസിന് താല്‍പര്യമെന്നും അറിയുന്നു. ഐ വിഭാഗത്തില്‍ നിന്ന് എ വിഭാഗത്തിലേക്കെത്തിയ വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് എ വിഭാഗത്തിലെ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സിപിഎമ്മും ബിജെപിയും സ്ഥാനാര്‍ഥിക്കാര്യത്തില്‍ ധാരണയുണ്ടാക്കി മുന്നോട്ട് പോയിട്ടുണ്ട്.
ഇന്ന് നടക്കുന്ന ജനറല്‍ബോഡിയിലും ഭാരവാഹി യോഗത്തിലും ചെങ്ങന്നൂര്‍ ചര്‍ച്ചയാകും. നാളെ നടക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിശദമായ ചര്‍ച്ച വരാനും സാധ്യതയുണ്ട്. 9ന് ചെങ്ങന്നൂരില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച ധാരണയില്‍ ഇതിന് മുന്‍പ് എത്താന്‍ കഴിഞ്ഞാല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.