ജലഅതോറിറ്റിയുടെ കെടുകാര്യസ്ഥത; കുട്ടനാട് ജലക്ഷാമം രൂക്ഷം
|ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം കുട്ടനാട്ടിലെ പ്രധാന മേഖലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ 12 വര്‍ഷമായിട്ടും നടപടിയായില്ല.
ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം കുട്ടനാട്ടിലെ പ്രധാന മേഖലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ 12 വര്‍ഷമായിട്ടും നടപടിയായില്ല. രണ്ടര കിലോമീറ്റര്‍ ദൂരം പൈപ്പിടാനുള്ള നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് കോടികള്‍ ഇതിനകം ചെലവഴിച്ചുകഴിഞ്ഞ കുടിവെള്ള പദ്ധതി 12 വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. ഇനി ഈ പദ്ധതി പൂര്‍ത്തീകരിക്കണമെങ്കില്‍ ഇപ്പോള്‍ ടാറിംഗ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത പൊളിക്കുകയും വേണം.
കുട്ടനാട്ടില്‍ തലവടി, എടത്വാ പഞ്ചായത്തുകളിലെ ജനങ്ങളാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം കുടിവെള്ളമില്ലാതെ വലയുന്നത്. ഇപ്പോള്‍ രാവിലെ തലവടിയില്‍ വെള്ളം നല്‍കിയാല്‍ രാത്രി എടത്വായില്‍ നല്‍കും. അതും ഒന്നിടവിട്ട ദിവസങ്ങളില്‍. ബാക്കി ദിവസങ്ങളില്‍ കുട്ടനാട്ടില്‍ തന്നെ ആറിനക്കരെയുള്ള പ്രദേശങ്ങളിലേക്കാണ് പമ്പിങ്ങ്.
ഈ പ്രശ്നം പരിഹരിക്കാന്‍ തലവടിയില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് വാട്ടര്‍ ടാങ്കിന്റെ പണി 2006ല്‍ പൂര്‍ത്തീകരിച്ചു. രണ്ടര കിലോമീറ്റര്‍ പൈപ്പിട്ട് നീരേറ്റു പുറത്തെ പ്ലാന്റും ടാങ്കും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഒരു പഞ്ചായത്തിലെ പ്രശ്നമെങ്കിലും പരിഹരിക്കാനാവുമായിരുന്നു. എടത്വാ വരെ നാലര കിലോമീറ്റര്‍ പൈപ്പിടാനായി ഏഴ് കോടി രൂപയുടെ പദ്ധതിയുണ്ട്. 2018 ആയിട്ടും ഇത്ര ദൂരം പൈപ്പിടാന്‍ കഴിഞ്ഞിട്ടില്ല. ഇനി ഈ പൈപ്പ് സ്ഥാപിക്കണമെങ്കില്‍ കേരളത്തിലെ ആദ്യത്തെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രത്യേക താല്പര്യമെടുത്ത് കൊണ്ടുവന്ന അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന ഹൈവേയുടെ അത്യന്താധുനിക ടാറിംഗ് പൊളിക്കേണ്ടി വരും.