Kerala
ചെങ്ങന്നൂരില്‍ തിരക്കിട്ട് ഭരണാനുമതിയും സാങ്കേതികാനുമതിയുംചെങ്ങന്നൂരില്‍ തിരക്കിട്ട് ഭരണാനുമതിയും സാങ്കേതികാനുമതിയും
Kerala

ചെങ്ങന്നൂരില്‍ തിരക്കിട്ട് ഭരണാനുമതിയും സാങ്കേതികാനുമതിയും

Khasida
|
3 Jun 2018 4:35 PM GMT

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് വൈകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനങ്ങള്‍

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് വൈകുന്ന സാഹചര്യത്തില്‍ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയുമൊക്കെ നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി. ആവശ്യമായ അനുമതികളും ടെണ്ടറുകളുമൊക്കെ പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനങ്ങള്‍ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് എല്‍ ഡി എഫിന്റെ തിരക്കിട്ട നീക്കം. നേരത്തെ നിര്‍മാണോദ്ഘാടനം നടത്തിയ മഠത്തില്‍ കടവ് പാലത്തിന് സാങ്കേതിക അനുമതിയും ഭരണാനുമതിയും നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ഭരണാനുമതിയോ സാങ്കേതികാനുമതിയോ ഇല്ലാത്ത, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത നിരവധി പദ്ധതികള്‍ക്കാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ തിരക്കിട്ട് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടത്തുന്നതെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. ഈ ആരോപണം നിലനില്‍ക്കവെയാണ് ചെന്നിത്തല തൃപ്പെരുന്തറ, ബുധനൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, കുട്ടമ്പേരൂർ ആറിന്റെ കുറുകെയുള്ള മoത്തിൽ കടവ് പാലത്തിന് സാങ്കേതിക അനുമതിയും, ഭരണാനുമതിയും നൽകി കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടത്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് തിരക്കു പിടിച്ചാണ് സര്‍ക്കാര്‍‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പദ്ധതികളുടെ കാര്യത്തില്‍ നടപടികളെടുക്കുന്നത്. ഇപ്പോള്‍ അനുമതി നല്‍കാന്‍ നടപടിയെടുത്ത സര്‍ക്കാര്‍ അതില്ലാതെ ഈ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്‍ ഭരണപരമായ തെറ്റാണെന്ന് മുന്‍ എം എല്‍ എ പി സി വിഷ്ണുനാഥ് ആരോപിച്ചു.

പ്രഖ്യാപനവും ഉദ്ഘാടനവുമൊക്കെ നടത്തിയ പദ്ധതികളുടെ ഭരണപരമായ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പ്രതിപക്ഷ ആരോപണം ചെറുക്കാനാണ് എല്‍ ഡി എഫ് ഉദ്ദേശിക്കുന്നത്.

Similar Posts