ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
|സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമാണം നടന്നുവരികയാണ്. ഇതിനിടെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.
കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക് നൽകിയ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. 2016ൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച അഞ്ച് സെൻറ്സ്ഥലം തിരിച്ചെടുത്ത്കൊണ്ട് മാർച്ച് 26ന് ഇടത് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ചിത്രലേഖ നൽകിയ ഹരജിയിൽ സർക്കാറിനോട് കോടതി വിശദീകരണവും തേടി.
മുത്തശി എഴുതി നൽകിയ ആറ് സെൻറ് സ്ഥലത്തിന്റെ ഉടമയാണ്ചിത്രലേഖയെന്നിരിക്കെ സർക്കാർ ഭൂമി പതിച്ചു നൽകാൻ നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഇവർക്ക് നൽകിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്. എന്നാൽ, മുത്തശിയുടെ കാലശേഷം ഉപയോഗിക്കാനാണ്ഭൂമി എഴുതി നൽകിയിട്ടുള്ളതെന്നും അതിനാൽ സ്വന്തമായി ഭൂമിയുണ്ടെന്ന്പറയാനാകില്ലെന്നുമായിരുന്നു ചിത്രലേഖയുടെ വാദം. സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമാണം നടന്നുവരികയാണ്. ഇതിനിടെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.
ഭൂമി തിരിച്ചുപിടിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഭാവിക നീതി ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് കോടതി സ്റ്റേ അനുവദിച്ചത്. ചിത്രലേഖക്കും കുടുംബത്തിനും അവരുടെ സ്വത്തിനും ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു.