വരാപ്പുഴ കസ്റ്റഡി മരണം: എഎസ്ഐയെ ചോദ്യംചെയ്യുന്നു
|ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എഎസ്ഐ ജയാനന്ദനെ ആലുവ പൊലീസ് ക്ലബിൽ വരുത്തി ചോദ്യം ചെയ്യുന്നു
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ പേര് കേസില്‍ പ്രതികളാകുമോ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അന്വേഷണ സംഘം തീരുമാനമെടുക്കുക.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എഎസ്ഐ ജയാനന്ദന് ഉള്‍പ്പടെയുള്ളവരെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ഈ സാഹചര്യത്തിലാണ് എഎസ്ഐയെ ചോദ്യം ചെയ്യുന്നത്.
ശ്രീജിത്തടക്കമുള്ളവരെ ആര്‍ടിഎഫുകാര്‍ സ്റ്റേഷനിലെത്തിച്ചത് മുതല്‍ എസ്ഐ ദീപക് എത്തുന്നതു വരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാകും പ്രധാനമായും എഎസ്ഐയില്‍ നിന്നും മൊഴിയെടുക്കുക. ആര്‍ടിഎഫുകാര്‍ മര്‍ദ്ദിച്ചവശരാക്കിയ നിലയിലാണ് ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ചതെന്നാണ് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ അന്വേഷണസംഘത്തിന് നല്കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് സംശയമുണ്ട്. നേരത്തെ പുറത്തു വന്ന ആര്‍ടിഎഫുകാര്‍ രാത്രി 11 മണിക്ക് പകര്‍ത്തിയ ചിത്രത്തില്‍ ശ്രീജിത്തിന്റെ ദേഹത്തില്‍ കാര്യമായ പരിക്കുകളില്ല.
അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയെ സംബന്ധിച്ചും എഎസ്ഐയോട് ചോദിച്ചറിയുമെന്നാണ് വിവരം. 6,7 തിയ്യതികളില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും.