സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം, തിരുവഞ്ചൂരിന് തിരിച്ചടി
|ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി വിധി
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം . പ്രതിയായ സരിത എസ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുളള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ഉമ്മന്‍ ചാണ്ടിയുടെ ഹരജി ഭാഗികമായി അംഗീകരിച്ച കോടതി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യം തള്ളി.
സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയെന്ന് പറയപ്പെടുന്ന കത്ത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവോടെ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ സുപ്രധാനമായ ഭാഗങ്ങളാണ് ഒഴിവായത്. സരിതയുടെ കത്ത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കത്ത് ഉള്‍പ്പെട്ട ഭാഗം റിപ്പോര്‍ട്ടില്‍ നിന്നും ഹൈക്കോടതി നീക്കം ചെയ്തു. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അനുസരിച്ചുള്ള മറ്റ് നടപടികള്‍ക്ക് കോടതി ഉത്തരവ് തടസമല്ല. കമ്മിഷന്റെ നിയമനം പൊതതാല്പര്യം മുന്‍ നിര്‍ത്തിയാണെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന്‍ നിയമത്തില്‍ അഭിപ്രായ രൂപീകരണമില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കോടതി തള്ളി. കമ്മിഷന്റെ ടേം ഓഫ് റഫറന്‍സില്‍ മാറ്റം വരുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി കമ്മീഷന്‍ പരിഗണന വിഷയങ്ങള്‍ നിജപ്പെടുത്തുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടി.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണം, സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കണം തുടങ്ങി ഉമ്മന്‍ചാണ്ടിയുടെ ആവശ്യങ്ങള്‍ കോടതി ഭാഗികമായി അംഗീകരിച്ചു. എന്നാല്‍ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സാഹായിക്കാന്‍ ശ്രമിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹരജി ഹൈക്കോടതി തള്ളി.