കമ്മ്യൂണിസ്റ്റുകൾ യഥാർത്ഥത്തിൽ ദളിത് വിരുദ്ധരാണെന്ന് ബിപ്ലബ് കുമാർ
|ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്ത കേരള മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്ന് ബിപ്ലബ് കുമാർ പറഞ്ഞു
കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് സന്ദർശിച്ചു. ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്ത കേരള മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്ന് ബിപ്ലബ് കുമാർ പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിനു അഞ്ചു ലക്ഷം ധന സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദളിതർക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ യഥാർത്ഥത്തിൽ ദളിത് വിരുദ്ധരാണെന്ന് ബിപ്ലബ് കുമാർ പറഞ്ഞു. ത്രിപുരയിൽ സ്വന്തം മണ്ഡലത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് അന്നത്തെ മുഖ്യമന്ത്രി മാണിക് സർക്കാർ സന്ദർശിക്കാതിരുന്നത് വിവാദമായിരുന്നു. ഇതേ രീതിയാണ് കേരളത്തിൽ പിണറായി വിജയൻ പിന്തുടരുന്നതെന്നും ബിപ്ലബ് കുമാർ പറഞ്ഞു.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മൂന്നു വയസുകാരിയായ മകളെ കയ്യിൽ പിടിച്ചാണ് ത്രിപുര മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. ശ്രീജിത്തിന്റെ അമ്മയോടും ഭാര്യയോടും സംസാരിച്ച ബിപ്ലബ് ത്രിപുരയിലെ ജനം കുടുംബത്തിനു കൂടെയുണ്ടെന്നും പറഞ്ഞു. രാവിലെ എട്ടേ മുക്കാലോടെ വാരാപ്പുഴയിലെത്തിയ അദ്ദേഹം അര മണിക്കൂറോളം ശ്രീജിത്തിന്റെ വീട്ടിൽ ചെലവഴിച്ചു.ചെങ്ങന്നൂരിൽ ബി ജെ പി ക്ക് വേണ്ടി പ്രചാരണം നടത്താനാണ് ത്രിപുര മുഖ്യമന്ത്രി കേരളത്തിലെത്തിയത്.