കോട്ടയം ദുരഭിമാനകൊല: എസ്പിക്ക് സ്ഥലംമാറ്റം, എസ്ഐക്ക് സസ്പെന്‍ഷന്‍
|പെണ്‍കുട്ടിയുടെ പരാതി കിട്ടിയിട്ടും നടപടി വൈകിപ്പിച്ചതിനാല്‍ ഗാന്ധിനഗര്‍ എസ്ഐയെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തു.
കോട്ടയം ദുരഭിമാനകൊലയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. പെണ്‍കുട്ടിയുടെ പരാതി കിട്ടിയിട്ടും നടപടി വൈകിപ്പിച്ചതിനാല്‍ ഗാന്ധിനഗര്‍ എസ്ഐയെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയെ സ്ഥലം മാറ്റി. ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ഡിജിപി ഉത്തരവിട്ടു.
കെവിനെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചും പോയ സ്ഥലത്തെ കുറിച്ചും പൊലീസിന് കെവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വിവരം കൈമാറിയെങ്കിലും ഇത് കൃത്യമായി പിന്തുടരാന്‍ പൊലീസിനായില്ല. കോട്ടയം എസ്പി കൊല്ലം, പത്തനംതിട്ട ജില്ലകളെ ചേര്‍ത്തുകൊണ്ട് അന്വേഷണം ആവശ്യമാണെന്ന വിവരം റേഞ്ച് ഐജിയെ അറിയിച്ചില്ല. ഇതാണ് എസ്പി വി എം മുഹമ്മദ് റഫീഖിന്‍റെ സ്ഥാനം തെറിച്ചത്.
പരാതി ആദ്യ മണിക്കൂറുകളില്‍ നിസാരവത്കരിക്കാനാണ് ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവും എഎസ്ഐയും ശ്രമിച്ചതതെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്തു. കൊച്ചി റേഞ്ച് ഐജിക്കും തിരുവനന്തപുരം റേഞ്ച് ഐജിക്കും കീഴില്‍ നാല് ടീമുകള്‍ കേസ് അന്വേഷിക്കണമെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെ ഉത്തരവ്. ഇന്നത്തെ സസ്പെന്‍ഷന്‍ കൂടി കൂട്ടുമ്പോള്‍ ഈ വര്‍ഷം വീഴ്ച്ചകളുടെ പേരില്‍ സസ്പെന്‍ഷനിലാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം പതിനാറായി.