കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം
|ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനെയാണ് പിന്തുണച്ചത്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനെയാണ് പിന്തുണച്ചത്. ഇനി മുന്നണി പ്രവേശന ചര്‍ച്ചകള്‍ പ്രസക്തമല്ല. ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിജയമാണെന്നും കാനം ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം സിപിഐ ദേശിയ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. ഇന്ന് ദേശിയ സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് ദേശിയ എക്സിക്യൂട്ടീവ് യോഗവും ചേരും. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകള്‍ വിഭജിച്ച് നല്‍കലാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ മുഖ്യ അജണ്ട. ഇതിനുപുറമെ കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിലൊന്നില്‍ പാര്‍ട്ടി മത്സരിക്കുന്നത് സംബന്ധിച്ചും നേതൃയോഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. ഇതിനുപുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചാവിഷയമാകും.