കലാഭവന്‍ മണിയുടെ മരണം: അന്വേഷണം അവസാന ഘട്ടത്തിലേക്ക്
|കേന്ദ്ര ലാബിലെ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന് കണ്ടെത്തിയതോടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര ലാബിലെ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന് കണ്ടെത്തിയതോടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേന്ദ്ര ലാബില്‍ നിന്നും ലഭിച്ച പരിശോധന ഫലം അന്തിമ വിശകലനത്തിനായി മെഡിക്കല്‍ ബോര്‍ഡിന് കൈമാറി.
മണിയുടെ മരണത്തില്‍ ദുരുഹത ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തെ ശരി വയ്ക്കുന്നതായിരുന്നു കേന്ദ്ര ലാബില്‍ നിന്നും ലഭിച്ച പരിശോധന ഫലം. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം ഇല്ലെന്നും ഹാനികരമല്ലാത്ത അളവില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ സാന്നിധ്യം ഉണ്ടെന്നുമാണ് കേന്ദ്ര ലാബിലെ ഫലം. ഇതോടെ ദുരുഹത പാതി നീങ്ങിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. എന്നാല്‍ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ വന്നുവെന്നാണ് ഇനി അറിയാനുള്ളത്. അന്തിമ വിശകലനത്തിനായി കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധനാ ഫലം അന്വേഷണത്തിനായി രുപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന് കൈമാറി ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.അതേ സമയം അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മണിയുടെ വീട്ടിലെത്തി കേന്ദ്ര ലാബിലെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കുടുംബത്തെ അറിയിച്ചു.
മെഡിക്കല്‍ ബോര്‍ഡിന്റെ വിശകലനത്തിനു ശേഷം മാത്രമെ അന്തിമ നിഗമനത്തിലെത്തുവെന്നും അന്വേഷണ സംഘം കുടുംബത്തെ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ വിശകലനത്തോടെ മണിയുടെ മരണം സംബന്ധിച്ച ദുരുഹത അവസാനിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.