റമദാനിലെ അവസാന ജുമാ നമസ്കാരത്തിന് വന്‍തിരക്ക്
|റമദാനിലെ അവസാന ജുമാ നമസ്കാരത്തിന് പള്ളികള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു
റമദാനിലെ അവസാന ജുമാ നമസ്കാരത്തിന് പള്ളികള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. പല പളളികളും നിറഞ്ഞ് കവിഞ്ഞ് നമസ്കാരം പുറത്തേക്ക് നീണ്ടു. റമദാനില്‍ ആര്‍ജിച്ച ആത്മീയ ചൈതന്യം എപ്പോഴും നിലനിര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു പള്ളികളിലെ പ്രഭാഷണങ്ങള്‍.
വിശുദ്ധ മാസത്തിലെ അവസാനത്തെ ജുമാ നമസ്കാരത്തിനായി നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തി. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായാണ് വിശ്വാസികള്‍ ഈ ദിവസം ചെലവിട്ടത്. തിരക്ക് കാരണം പള്ളിയില്‍ ഇടം കിട്ടാതെ പുറത്തുനിന്നാണ് പല സ്ഥലത്തും വിശ്വാസികള്‍ നമസ്കാരം നിര്‍വഹിച്ചത്. റമദാനിന്റെ ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ ഇമാമുമാര്‍ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. പാപമുക്തിയും സ്വര്‍ഗ പ്രാപ്തിയും തേടി പ്രത്യേക പ്രാര്‍ഥനകളും നടന്നു.
റമദാനിലെ വിശുദ്ധ രാത്രിയായി അറിയപ്പെടുന്ന ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച പ്രതീക്ഷകളും ഖുതുഭകളിലുണ്ടായിരുന്നു. നമസ്കാരത്തിന് ശേഷവും ഏറെ നേരം പ്രാര്‍ഥനകളില്‍ കഴിഞ്ഞുകൂടിയാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്ന് പിരിഞ്ഞുപോയത്.