കോണ്‍ഗ്രസില്‍ മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരും മാറും
|എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പ് മാറിയതോടെ കോണ്‍ഗ്രസിലെ പുനസംഘടനാ നടപടികള്‍ ആരംഭിച്ചു
കോണ്‍ഗ്രസില്‍ പുനസംഘടന വരുന്നതോടെ മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരും മാറും. പ്രസിഡന്‍റ് ഒഴികയുള്ള കെപിസിസി ഭാരവാഹികള്‍ മാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്. പുനസംഘടനക്ക് മേല്‍നോട്ടം വഹിക്കാനുള്ള ഉന്നതാധികാര സമിതിയെ ഉടന്‍ തന്നെ ഹൈകമാന്‍ഡ് പ്രഖ്യാപിക്കും.
എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പ് മാറിയതോടെ കോണ്‍ഗ്രസിലെ പുനസംഘടനാ നടപടികള്‍ ആരംഭിച്ചു. പുനസംഘടനക്ക് മുന്‍പായി ഉന്നതാധികാര സമിതിയെ ഹൈകമാന്‍ഡ് ഉടന്‍ തന്നെ പ്രഖ്യാപിക്കും. എ - ഐ വിഭാഗങ്ങളുടെ അഞ്ച് വീതം പ്രതിനിധികളും വി എം സുധീരനുമായി ചര്‍ച്ച ചെയ്ത് ഹൈകമാന്‍ഡ് തീരുമാനിക്കുന്ന അഞ്ച് പേരും അടങ്ങുന്നതായിരിക്കും ഉന്നതാധികാര സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എം ഹസന്‍, കെ സി ജോസഫ്, ബെന്നി ബഹ്നാന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടിയുടെ എ വിഭാഗം നല്‍കിയിരിക്കുന്നത്. കെ മുരളീധരന്‍, വി ഡി സതീശന്‍, എം ഐ ഷാനവാസ്, കെ സുധാകരന്‍, ജോസഫ് വാഴ്യ്ക്കന്‍ എന്നിവരാണ് ഐയുടെ പട്ടികയില്‍. ആര്യാടന്‍ മുഹമ്മദ്, പി പി തങ്കച്ചന്‍, പി ജെ കുര്യന്‍, പി സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോല്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരില്‍ നിന്നായിരിക്കും മറ്റ് അഞ്ച് പേരെ തീരുമാനിക്കുക. എഐസിസിയുടെ ഒരു പ്രതിനിധിയും സമിതിയില്‍ ഉണ്ടാവാനാണ് സാധ്യത.
പുനസംഘടനയുടെ ഭാഗമായി മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാരേയും മാറ്റാനുള്ള ധാരണ ഉണ്ടായിട്ടുണ്ട്. കെപിസിസിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഹൈകമാന്‍ഡിന്‍റെ പ്രതീക്ഷ.