പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയിലെ തടസം നീക്കി
|വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 29ന് ജില്ലാ കളക്ടര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉത്തരവിട്ടിരുന്നു.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ സ്ഥാപിച്ച ഇരുമ്പ് റോഡുകള്‍ തകര്‍ത്ത നിലയില്‍. വാഹന ഗതാഗതം ഭാഗികമായി തടയാന്‍, ടോള്‍ പിരിവ് കരാറെടുത്ത കമ്പനിയാണ് ഇരുമ്പ് റോഡുകള്‍ സ്ഥാപിച്ചത്. തടസം നീക്കി റോഡ് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പാലിയേക്കരയിലെ സമാന്തര പാത തുറക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് തടസം ഇന്ന് പുലര്‍ച്ചെ പൊളിച്ച് മാറ്റിയത്. വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 29ന് ജില്ലാ കളക്ടര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഇരുമ്പ് റാഡ് മുറിച്ച മാറ്റിയ സംഭവത്തില്‍ ടോള്‍ കമ്പനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 96 ലക്ഷം രൂപ മുടക്കി 2014ല്‍ പാലിയേക്കരയിലെ ഈ സമാന്തര പാത നവീകരിച്ചിരുന്നു. എന്നാല്‍ സമാന്തര പാതയിലൂടെ വാഹനങ്ങള്‍ കടന്ന് പോയാല്‍ ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ടോള്‍ കമ്പനി.