Kerala
Kerala

നേതാവിനെ വിട്ടയക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന് പരാതി

Subin
|
4 Jun 2018 3:45 PM GMT

സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള കേസുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതായി പരാതി. സിപിഎം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പെടെയുള്ള കേസുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ നേതാവും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായ അനീഷിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ പത്തനംതിട്ട സ്‌റ്റേഷനിലെത്തിയത്. സിപിഎം പത്തനംതിട്ട നഗരസഭാ കൌണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ വിആര്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്‌റ്റേഷനില്‍ സ്ഥാപിച്ച കണ്ണാടി അടിച്ച് പൊട്ടിച്ചതായും എസ്‌ഐ പുഷ്പകുമാറിന്റെ മൊബൈല്‍ ഫോണും സ്‌റ്റേഷനിലെ ഡിജിറ്റല്‍ ക്യാമറയും എറിഞ്ഞ് തകത്തതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വിവരങ്ങളന്വേഷിക്കാനാണ് നേതാക്കള്‍ പോയതെന്നും യാതൊരു കാരണവുമില്ലാതെ പൊലീസ് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വിശദീകരിച്ചു.

Related Tags :
Similar Posts