ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി; ഉത്തരവിറക്കിയത് സര്‍ക്കാര്‍ അറിയാതെ
|ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നത് മാറ്റി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയാണ് മാറ്റിയത്.
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്നത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി. രേഖകളില്‍ വ്യക്തത വരുത്താനാണ് മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സുപ്രീം കോടതിയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിന് ബലം നല്‍കാനാണ് പേര് മാറ്റമെന്ന് സൂചനയുണ്ട്. ദേവസ്വം മന്ത്രിയെ അറിയിക്കാതെയാണ് പേരുമാറ്റം.
ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനമായാണ് പേര് മാറ്റ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന് കീഴില്‍ നിരവധി ധര്‍മ്മ ശാസ്താ ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയിലെ പ്രതിഷ്ഠ അയ്യപ്പ സ്വാമിയുടേതായതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പേരുമാറ്റുന്നതെന്നും ഉത്തരവില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശം വേണ്ടെന്ന ദേവസ്വം നിലപാടിന് ബലം നല്‍കാനാണ് പേര് മാറ്റമെന്ന് സൂചനയുണ്ട്.
ധര്‍മ്മശാസ്താവിന് ഭാര്യമാരുണ്ടായിരുന്നില്ലേയെന്ന് സ്ത്രീ പ്രവേശ കേസിലെ വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചിരുന്നു. ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ ക്ഷേത്രമെന്ന് പേര് മാറ്റുന്നതിലൂടെ ഈ വാദം മറികടക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. അതേസമയം ഒക്ടോബര്‍ അഞ്ചിലെ തീരുമാനം ഇതുവരെ ദേവസ്വം മന്ത്രിയെ അറിയിച്ചിട്ടില്ല.
സ്ത്രീ പ്രവേശത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ട് തട്ടിലാണ്. ശബരിമലയില്‍ സ്ത്രീകളെ വിലക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.