അഹമ്മദിന്റെ മരണം മൂടിവെച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി
|ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
ഇ അഹമ്മദ് എംപിയുടെ മരണം മറച്ച് വെച്ചതിലൂടെ മനുഷ്യാവകാശം ലംഘനം നടത്തിയെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. വിഷയത്തില്‍ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികാരികളോടും ഡല്‍ഹി പോലിസിനോടും കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാലാഴ്ച്ചക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
പി കെ ബഷീര്‍ എംഎല്‍എയടക്കം മൂന്ന് പേര് നല്കിയ പരാതിയിന്മേലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഇ അഹമ്മദ് എംപിയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചുവെന്നും ഈ വിവരം അധികാരികള്‍ മറച്ചു വെച്ചെന്നുമാണ് പരാതി. രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും ബന്ധുക്കളുടെ അനുമതി പത്രം വാങ്ങണമെന്ന ചട്ടം പാലിച്ചില്ല. ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍
40 മിനിട്ട് മാത്രം നെഞ്ചില്‍ ഘടിപ്പിക്കേണ്ട യന്ത്രം 12 മണിക്കൂറോളം ഇ അഹമ്മദില്‍ പ്രയോഗിച്ച് മൃതദേഹം വികൃതമാക്കി. ഇക്കാര്യങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനത്തിലേക്കാണെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞ് വീണ ഇ അഹമ്മദ് എംപിയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേന്ന് ബജറ്റവതരണം മുടങ്ങാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മരണ വിവരം മറച്ച് വെക്കുകയായിരുന്നെന്നാണ് ആരോപണം.