ഒരു നദി മരിച്ചുകൊണ്ടിരിക്കുകയാണിവിടെ...
|പെരിയാറിലേക്കുള്ള ജലസ്രോതസ്സുകള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു
കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇടുക്കി ജില്ലയിലേതുള്‍പ്പെട ജില്ലകളിലെ പ്രധാന കുടിവെള്ള സ്രോതസുമാണ് പെരിയാര്‍. വൈദ്യുതി ഉല്‍പ്പാദത്തിനായി ഇടുക്കി ഡാമില്‍ സംഭരിക്കുന്നതും പെരിയാറിലെ വെള്ളമാണ്. പക്ഷെ ഇന്ന് പെരിയാര്‍ വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു. പെരിയാറിലേക്കുള്ള ജലസ്രോതസ്സുകള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു.
പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിച്ച് ഇടുക്കി ജില്ലയിലെ വിവധഭാഗങ്ങളില്‍ കൂടി ഒഴുകി ഒടുവില്‍ അറബികടലില്‍ പതിക്കുന്ന നദിയാണ് പെരിയാര്‍. 244 കിലോമീറ്ററാണിതിന്റെ ദൈര്‍ഘ്യം. വേനല്‍കാലത്തുപോലും ജലസമ്പുഷ്ടമായിരുന്നു പെരിയാര്‍. അതിന് പ്രധാനകാരണം അനവധി നീര്‍ച്ചോലകളും കാട്ടുചൊലകളും പെരിയാറിലേക്ക് ഒഴുകിയിരുന്നു എന്നതാണ്. പക്ഷെ ഇന്ന് അവയില്‍ പലതും ഇല്ലാതായി. അതിന്റെ കാരണങ്ങളില്‍ ഒന്ന് കാട്ടുതീയാണ്. കാട്ടുതീ പലപ്പോഴും നീര്‍ചോലകളിലെ ഉറവകള്‍ വറ്റാന്‍ കാരണമായി. പെരിയാറിനു കുറുകെ സ്വകാര്യവ്യക്തികള്‍ തടയണകള്‍ കൂടി കെട്ടിയതോടെ സ്വാഭാവിക നീരൊഴുക്കും ഇല്ലാതായി.
ഒരു കാലത്ത് ഇടുക്കിയിലൂടെ നിറഞ്ഞുകവിഞ്ഞ് പതഞ്ഞൊഴുകിയ പെരിയാറിന്റെ തീരങ്ങള്‍ ഇന്ന് കയ്യേറ്റക്കാരുടെ പിടിയിലാണ്. തീരം കവര്‍ന്നവര്‍ പിന്നീട് പലയിടത്തും പെരിയാര്‍ തന്നെ കവര്‍ന്നു നികത്തി. മണല്‍ വാരി , മാലിന്യങ്ങള്‍ ഈ പുഴയിലേക്ക് തള്ളി ഒരു നദി തന്നെ ഇല്ലാതാക്കാന്‍ പോകുന്ന പ്രവര്‍ത്തികളില്‍ മുഴുകിയതോടെ പെരിയാറിന് നന്നായി ഒന്ന് ഒഴുകാന്‍ വഴിയില്ലാതായി. വേനല്‍കൂടി കടുത്തതോടെ നദി പലയിടത്തുംഅപ്രത്യക്ഷമായി. വേനല്‍ ഇനിയും കടുത്താല്‍ ഒരു പക്ഷെ അവശേഷിക്കുന്ന വെള്ളം കൂടി നഷ്ടമായേക്കും. പെരിയാര്‍ ചരിത്രത്താളുകളില്‍
മാത്രം ഇടം പിടിക്കുന്ന നിലയിലേക്കാവും.