മിഠായിതെരുവില്‍ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്; കോയന്‍കോ ബസാറില്‍ 57 സെന്‍റ് ഭൂമി കയ്യേറി
|ലൈസന്‍സില്ലാത്ത 128 കടകള്‍ മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 88 എണ്ണം പ്രവര്‍ത്തിക്കുന്നത് കോയന്‍കോ ബസാറിലാണ്.
കോഴിക്കോട് മിഠായിതെരുവില്‍ വന്‍ ഭൂമികയ്യേറ്റം. കോയന്‍കോ ബസാറില്‍ 57 സെന്‍റ് പുറമ്പോക്ക് ഭൂമി കയ്യേറിയതായി റവന്യൂവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഇതിന് പുറമെ 128 കടകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നും കണ്ടെത്തി.നടപടിക്കായി റിപ്പോര്‍ട്ട് റവന്യൂവകുപ്പ് കോര്‍പ്പറേഷന് കൈമാറി.
കോഴിക്കോട് താലൂക്കില്‍ നഗരം വില്ലേജിലെ 164 ബാര്‍ 3 ബി എന്ന സര്‍വ്വെ നമ്പറിലുള്ള പുറന്പോക്ക് ഭൂമിയാണ് കയ്യേറിയത്. 57 സെന്‍റ് ഭൂമി കയ്യേറി എന്നാണ് റവന്യൂവകുപ്പിന്‍റെ സര്‍വ്വയിലെ കണ്ടെത്തല്‍ . ഈ ഭൂമിയില്‍ നിരവധി കടകള്‍ നിര്‍മ്മിച്ചതായും സര്‍വ്വെയില്‍ തെളിഞ്ഞു. തുടര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന് റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്കി. ഇതോടൊപ്പം ലൈസന്‍സില്ലാത്ത 128 കടകള്‍ മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 88 എണ്ണം പ്രവര്‍ത്തിക്കുന്നത് കോയന്‍കോ ബസാറിലാണ്.
കെട്ടിടനിര്‍മ്മാണ ചട്ടം പാലിക്കാത്തതിനാല്‍ ഇവയ്ക്ക് ഒരു ഘടത്തിലും ലൈസന്‍സ് നല്‍കാനാകില്ല. വ്യാപാരിസംഘടനാ നേതാക്കളുടെ സ്ഥാപനങ്ങളും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവയില്‍പ്പെടുന്നു.