നടിയെ അക്രമിച്ച കേസ്; അന്വേഷണം കാവ്യയിലേക്ക്
|പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെ ചോദ്യം ചെയ്തു. പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതായി തെളിവ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. -
കഴിഞ്ഞ ദിവസമാണ് പൊലീസ് ലക്ഷ്യയിലെത്തി ജീവനക്കാരനെ വീണ്ടും ചോദ്യം ചെയ്തത്. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങുന്നതിന് തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതായി ജീവനക്കാരന്‍ മൊഴി നല്‍കി. പള്‍സര്‍ സുനിയുടെ കൈയില്‍ നിന്നും ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിസിറ്റിങ് കാര്‍ഡും ലക്ഷ്യയിലെ വിസിറ്റിങ് കാര്‍ഡും ഒന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിലീപുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനാണ് സുനി ലക്ഷ്യയിലെത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സീല്‍ ചെയ്ത കവറിനുള്ളില്‍ പൊലീസ് തെളിവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യാമാധവന്‍ നേരത്തെ പൊലീസിന് നല്‍കിയ മൊഴി.
പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമായിരുന്നു ദിലീപും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ കൊണ്ടുവരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. താന്‍ പറഞ്ഞ മാഡം കാവ്യാമാധവനാണെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ കാവ്യാമാധവന് നേരിട്ട് പങ്കുണ്ടോ എന്നതില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിക്കേണ്ടതുണ്ട്. നിലവിലെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.