പിണറായിയുടെ നികൃഷ്ടജീവി പ്രയോഗം തിരുവമ്പാടിയില്‍ യുഡിഎഫ് പ്രചരണായുധമാക്കുന്നു.
|ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള സഭാ വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നീക്കം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നികൃഷ്ട ജീവി പ്രയോഗം യു ഡി എഫ് പൊടിതട്ടിയെടുക്കുന്നത്.
പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗം തിരുവമ്പാടിയില്‍ യുഡിഎഫ് പ്രധാന പ്രചരണായുധമാക്കുന്നു. യുഡിഎഫിനെതിരായ താമരശ്ശേരി രൂപതയുടെ നിലപാട് മൂലം മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടത് മുന്നണിയിലേക്ക് പോവുന്നത് തടയുകയാണ് യുഡിഎഫ് നീക്കത്തിന് പിന്നില്‍.
തിരുവമ്പാടിയില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കണമെന്ന തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതാണ് താമരശ്ശേരി രൂപതയുടെ ഇടത് അനുകൂല നിലപാടിന് കാരണം. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള സഭാ വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നീക്കം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നികൃഷ്ട ജീവി പ്രയോഗം യു ഡി എഫ് പൊടിതട്ടിയെടുക്കുന്നത്.
പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടി എന്നിവരില്‍ ആരു മുഖ്യമന്ത്രിയാവണമെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് യു ഡി എഫ് നേതാക്കള്‍ കുടംബയോഗങ്ങളില്‍ പറയുന്നു. അതേ സമയം പിണറായി വിജയനും ബിഷപ്പും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതാണെന്നും സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് യു ഡി എഫ് നീക്കത്തിന് പിന്നിലെന്നും ഇടത് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസ് പറയുന്നു
പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും താമരശ്ശേരി രൂപത തങ്ങള്‍ക്കെതിരെ നീങ്ങുമോയെന്ന് യു ഡി എഫ് ഭയപ്പെടുന്നുണ്ട്. നികൃഷ്ട ജീവി പ്രയോഗം ഉയര്‍ത്തുന്നതിലൂടെ രൂപതയുടെ പരസ്യമായ ഇടത് അനുകൂല നീക്കം തടയിടുകയാണ് യു ഡി എഫ് ലക്ഷ്യം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുസമ്മിതിയുള്ള മാര്‍ ജോസഫ് ചിറ്റിലപ്പള്ളിക്കതിരായ പിണറായിയുടെ പരാമര്‍ശം വോട്ടാക്കി മാറ്റാമെന്നും യു ഡി എഫ് കണക്ക് കൂട്ടുന്നു.