യോഗസെന്‍ററിനെതിരായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച; പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
|അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് ഒരു പെണ്‍കുട്ടി പറയുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊന്നും നടക്കാന്‍ പാടില്ല. പൊലീസ് രേഖപ്പടുത്തിയ മൊഴി അപൂര്‍ണമാണ്. ഞങ്ങള്‍ ബധിരരായിരിക്കണോ എന്ന് ചോദിച്ച ശേഷം പെണ്‍കുട്ടിയുടെ മൊഴി കോടതി തന്നെ നേരിട്ട് രേഖപ്പെടുത്തുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്‍ററിനെതിരായ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ മൊഴി പരിഗണിക്കുന്നതിനിടെ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുക്കാൻ കോടതി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ്ഐയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഉച്ചക്ക് ശേഷം മൊഴി പരിശോധിച്ച കോടതി, മൊഴി അപൂർണമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശമാണ് പൊലീസിനെതിരെ നടത്തിയത്. മൊഴി ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി വിമര്‍ശിച്ചു.
ഇന്ന് കോടതിയില്‍ നടന്നത്..
യോഗ സെന്‍ററില്‍ വെച്ച് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മുഖത്ത് അടിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും എസ്ഐക്കുമെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്താണ് ഈ വിഷയം ലളിതമായി എടുക്കുന്നത്? ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ വിളിക്കൂ. അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് ഒരു പെണ്‍കുട്ടി പറയുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊന്നും നടക്കാന്‍ പാടില്ല. പെണ്‍കുട്ടി സ്പഷ്ടമായി പീഡനത്തെ കുറിച്ച് പറയുന്നുണ്ട്. വളരെ ഗൗരവതരമായ വിഷയമാണിത്. പൊലീസില്‍ പൂര്‍ണമായും കോടതിക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങള്‍ ബധിരരായിരിക്കണോ എന്ന് ചോദിച്ച ശേഷം പെണ്‍കുട്ടിയുടെ മൊഴി കോടതി തന്നെ നേരിട്ട് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞതിങ്ങനെ: "എന്നെ ബലമായി അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. 22-06-2017 മുതല്‍ 18-08-2017 വരെയാണ് അവിടെയുണ്ടായിരുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ 40 പേരുണ്ടായിരുന്നെങ്കില്‍ രണ്ട് മാസത്തിനകം യോഗ സെന്‍ററിലുണ്ടായിരുന്നവരുടെ എണ്ണം 60 ആയി വര്‍ധിച്ചു. പെണ്‍കുട്ടികളെ രാവിലെ 4 മണിക്ക് മുഖത്ത് വെള്ളമൊഴിപ്പിച്ച് എഴുന്നേല്‍പ്പിക്കും. പട്ടാള ക്യാംപിലേതിന് സമാനമായ ജീവിതമാണ്. യോഗ, സത്സംഗം, ദിനജപം എന്നിവ ചെയ്യിക്കും. രാവിലെ 10.30 മുതല്‍ സന്ധ്യ വരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കും. വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. എന്‍റെ മുഖത്ത് അടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തു. കരഞ്ഞപ്പോള്‍ വായില്‍ തുണി തിരുകി നിശബ്ദയാക്കി. ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്താറുണ്ട്".
മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിക്ക് യുവാവിന്‍റെ കൂടെ പോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. വിവാഹം പ്രത്യേക വിവാഹ നിയമപ്രകാരമോ അല്ലെങ്കില്‍ ഇഷ്ടപ്രകാരമോ പൂര്‍ത്തിയാക്കാനും അനുമതി നല്‍കി. ഹോസ്റ്റലില്‍ പെണ്‍കുട്ടിയുടെ കൂടെ താമസിച്ച മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസിന് തടസമൊന്നുമില്ലെന്നും ട്രസ്റ്റിന്റെ വാദം പരിഗണിച്ച് കോടതി പറഞ്ഞു. കേസ് ഒക്ടോബര്‍ 6ലേക്ക് മാറ്റി.