സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോ? ദിലീപ് പൊലീസ് നിരീക്ഷണത്തില്‍
|സാക്ഷികളില്‍ പലരും സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ശ്രദ്ധയോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കുന്നു. സാക്ഷികളില്‍ പലരും സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ശ്രദ്ധയോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം അടുത്തയാഴ്ച്ച അവസാനത്തോടെ പഴുതടച്ച അനുബന്ധ കുറ്റപ്പത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലുമാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി 85 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. മലയാള സിനിമയില്‍ പ്രമുഖനായ ദിലീപ് സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. ജാമ്യത്തിലിറങ്ങി പിറ്റേ ദിവസം തന്നെ തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. സിനിമാ മേഖലയില്‍ തൊഴിലെടുത്തിരുന്ന പലരും കേസിലെ സാക്ഷികളാണെന്നിരിക്കെ അവര്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത പൊലീസ് മുന്നില്‍ കാണുന്നുണ്ട്.
ജയിലിലായിരുന്നപ്പോള്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ ദിലീപിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയതിനാല്‍ തിടുക്കത്തില്‍ കുറ്റപത്രം കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം കൂടി കിട്ടിയ ശേഷം കുറ്റപത്രം നല്‍കും. ചില ആളുകളെ കൂടി ചോദ്യം ചെയ്യാന്‍ പോലീസ് പദ്ധതിയിട്ടിരുന്നു. ആ ചോദ്യം ചെയ്യല്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.