കാരശ്ശേരിയിലെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഡല്‍ഹി കാണാന്‍ യാത്ര തിരിച്ചു
|ആദ്യമായി ഡല്‍ഹി കാണുന്ന ആവേശത്തില്‍ യാത്ര തിരിച്ച പലര്‍ക്കും കോഴിക്കോട്ടെത്തിയപ്പോള്‍ തന്നെ അന്താളിപ്പായി. കോഴിക്കോട്ടങ്ങാടി പഴയ കോഴിക്കോട്ടങ്ങാടി അല്ലത്രെ. എല്ലാവരും ഏറെ സന്തോഷത്തിലാണ്..
കാരശ്ശേരിയില്‍ നിന്നും ഡല്‍ഹി കാണാനായി അപ്പൂപ്പന്മാരും അമൂമ്മമാരും യാത്ര തിരിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്താണ് വയോജനങ്ങളായ എണ്പതുപേരെ രാജ്യതലസ്ഥാനം കാണിക്കാനായി കൊണ്ടുപോയത്. തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളും, രാഷ്ട്രപതി അടക്കമുള്ള നേതാക്കളെയും കണ്ടാണ് സംഘം മടങ്ങുക.
ചിത്രത്തില്‍ മാത്രം കണ്ട പാര്‍ലമെന്റും രാഷ്ട്രപതി ഭവനും, താജ്മഹലും നേരില്‍ കാണുമെന്ന് പ്രതീക്ഷിച്ചതല്ല. ആദ്യമായി ഡല്‍ഹി കാണുന്ന ആവേശത്തില്‍ യാത്ര തിരിച്ച പലര്‍ക്കും കോഴിക്കോട്ടെത്തിയപ്പോള്‍ തന്നെ അന്താളിപ്പായി. കോഴിക്കോട്ടങ്ങാടി പഴയ കോഴിക്കോട്ടങ്ങാടി അല്ലത്രെ. എല്ലാവരും ഏറെ സന്തോഷത്തിലാണ്. പലര്‍ക്കും തീവണ്ടിയില്‍ ആദ്യമായി കയറുന്ന വിസ്മയവും. കാരശ്ശേരി പഞ്ചായത്ത് മുന്‍കൈയെടുത്താണ് വയോജന സൌഹൃദ യാത്ര സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും, മുക്കത്തെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരും സംഘത്തിലുണ്ട്. യാത്രാസംഘത്തില്‍ പ്രായമായവരായതിനാല്‍ മെഡിക്കല്‍ സംഘവും യാത്രക്കൊപ്പം ഉണ്ട്.