സന്നിധാനത്തും പരിസരത്തും 72 സിസി ടിവി കാമറകള്‍
|അനലൈസര്‍ ക്യാമറകളും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്
ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി സി ടിവി ക്യാമറകളുടെ എണ്ണം ഇക്കുറി ഇരട്ടിയാക്കിയിട്ടുണ്ട്. അനലൈസര്‍ ക്യാമറകളും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ കുറ്റമറ്റതാക്കുന്നതിനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തും 39 സി സി ടി വി ക്യമറകളാണ് നേരത്തെ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ അതിന്റെ എണ്ണം 72 ആയി ഉയര്‍ത്തി. 2.5 കോടി രൂപ ഇതിനായി ചിലവഴിച്ചു. സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനലൈസര്‍ കാമറകളുടെ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റോ കണ്ടെത്തിയാല്‍ അതിന്നുള്ളിലെ വസ്തുക്കളെ സ്കാന്‍ ചെയ്ത് കണ്ടെത്താനാകും. സന്നിധാനത്തെ സി സി ടി വി കണ്‍ട്രോള്‍ യൂണിറ്റില്‍ കൂടാതെ ശബരിമല തീര്‍ത്ഥാടനത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല, മധ്യമേഖല ഐജിമാര്‍ എ ഡി ജി പി സുദേഷ് കുമാര്‍ എന്നിവരുടെ ഓഫീസിലും സി സി ടി വി ദൃശ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കും.
തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റും പമ്പയില്‍ വെച്ചുതന്നെ പരിശോധന നടത്തും. പ്രത്യേക സാഹചര്യങ്ങളില്‍ ഇരുമുടിക്കെട്ടും പരിശോധനക്ക് വിധേയമാക്കും. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.