സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി
|5 കോടി വരെയുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറിക്ക് അനുമതി നല്കി
സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. 5 കോടി രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിധിയില്ലാതെയും പണം അനുവദിക്കാം. കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു.
ജിഎസ്ടി വന്നതോടെ നികുതി വരുമാനം കുറഞ്ഞതും വായ്പയെടുക്കല്‍ പരിധി പിന്നിട്ടതുമാണ് സംസ്ഥാന ഖജനാവിനെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ മാസം 6000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര അനുമതി ലഭിച്ചു. ഇതില്‍ 2000 കോടി രൂപ കടമെടുത്തതോടെയാണ് പ്രതിസന്ധി അയഞ്ഞത്. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ധനവകുപ്പിന്റെ അനുമതി വേണമെന്നതായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം.
റബ്ബര്‍ വിലസ്ഥിരത പദ്ധതിയില്‍ കുടിശ്ശികയായിരുന്ന 43 കോടി കൊടുത്ത് തീര്‍ക്കാന്‍ അനുമതി നല്കി. 21 കോടി കൂടി ഉടന്‍ അനുവദിക്കും. നെല്ല് സംഭരണത്തിനുള്ള തുകയില്‍ കുടിശ്ശികയായ 20 കോടിയും അനുവദിച്ചു. പെന്ഷന് നല്‍കാനാണ് കെ എസ് ആര് ടി സി 60 കോടി ആവശ്യപ്പെട്ടത്. അഞ്ചുമാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്ഷന് കൊടുക്കാന്‍ ഇതുവഴി കഴിയും. ജി എസ് ടി വരുമാനം നവംബറിനെക്കാള്‍ കുറഞ്ഞതായും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.