ഷുഹൈബ് വധം: കെ സുധാകരന്റെ നിരാഹാര സമരം രണ്ടാം ദിവസത്തില്‍
|കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന് നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തില്‍.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന് നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തില്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന് തുടങ്ങിയ നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി കണ്ണൂരിലെത്തി.
ഷുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണന്നും സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്നുമുളള ആരോപണം യുഡിഎഫ് ശക്തമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലെത്തി. സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം അടക്കമുളള ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര് മഹേഷ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. കണ്ണൂരില്‍ വൈകീട്ട് ചേരുന്ന സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ഡിസിസി യോഗം തുടര്‍സമരങ്ങള്‍ തീരുമാനിക്കും.