പിഎസ്‌സി പരീക്ഷ മലയാളത്തിലും വേണം
|ഐക്യമലയാള പ്രസ്ഥാനം ഇന്ന് പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
ലോകമാതൃഭാഷാ ദിനം സംസ്ഥാനത്തും വിപുലമായി കൊണ്ടാടുമ്പോള്‍ മലയാള ഭാഷാ പ്രേമികള്‍ വലിയൊരു പോരാട്ടത്തിലാണ്. കേരള പി എസ് സി പരീക്ഷകളില്‍ മലയാളത്തില്‍കൂടി ചോദ്യം ഉണ്ടാകണമാവശ്യപ്പെട്ടാണ് ഭാഷാ സ്നേഹികളുടെ സമരം. ഈ ആവശ്യമുയര്‍ത്തി ഐക്യമലയാള പ്രസ്ഥാനം ഇന്ന് പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കേരളത്തിലെ ഭരണഭാഷാ മലയാളമാണ്. പക്ഷെ കേരളത്തില്‍ ഭരണചക്രം തിരിക്കാനുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിഗണിച്ചാണെന്നതാണ് രസം. ലാസ്റ്റ് ഗ്രേഡ്, എല്‍ ഡി സി പരീക്ഷകളിലൊഴികെ എല്ലാ പരീക്ഷയിലും ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണ്. സെക്രട്ടറിയേറ്റ് ഗുമസ്തനാകാനും വേണം ഇംഗ്ലീഷ്. ജോലികിട്ടിയാല്‍ പിന്നെ ഭരണഭാഷയായ മലയാളത്തില്‍ വേണം ഫയലെഴുതാനും ഉത്തരവുണ്ടാക്കാനും. ഈ വൈരുധ്യം മാറ്റണമെന്നാണ് ഐക്യമലയാള പ്രസ്ഥാനം, മലയാള ഐക്യവേദി തുടങ്ങി മാതൃഭാഷാ പ്രസ്ഥാനങ്ങളുടെ ആവശ്യം. പി എസ് സിയുടെ എല്ലാ പരീക്ഷകളിലും മലയാളത്തില്‍ ചോദ്യം ഉണ്ടാവുകയും മലയാളത്തില്‍ ഉത്തരം എഴുതാന്‍ അവസരം ഉണ്ടാവുകയും വേണം.
ഐ എ എസ് പരീക്ഷ മാതൃഭാഷയിലെഴുതാം. കേന്ദ്ര സര്‍ക്കാരിന്‍റെ മിക്കവാറും എല്ലാ പൊതുപരീക്ഷകളിലും മാതൃഭാഷയില്‍ ചോദ്യമുണ്ടാകും. റെയില്‍വെയുടെ ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയടക്കം മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പ്രതിഷേധിക്കുകയും കേന്ദ്രത്തിന് കത്തയക്കകയും ചെയ്തു. അപ്പോഴും പി എസ് സി പരീക്ഷകളിലെ മലയാളവത്കരണത്തിനായി തെരുവിലിറങ്ങേണ്ടിവരികയാണ് മലയാളികള്‍ക്ക്.