ആറ്റുകാലമ്പലത്തിനെ ആണ്‍കുട്ടികളുടെ ജയിലെന്ന് വിളിക്കേണ്ടി വരുമെന്ന് ഡി.ജി.പി ആര്. ശ്രീലേഖ
|ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ആചാരത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ അനുഭവിക്കുന്നത് നരകയാതന
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ആര്. ശ്രീലേഖ. കുത്തിയോട്ട ആചാരത്തിന്റെ പേരില്‍ അഞ്ചുവയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ അനുഭവിക്കുന്നത് നരകയാതനയാണെന്ന് അവര്‍ തന്റെ ബ്ലോഗിലൂടെ പറയുന്നു. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അവര്‍ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.
ശബരിമലയില്‍ ചില പ്രായപരിധിക്കുള്ളിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി നല്‍കാത്തതെങ്കില്‍, പെണ്ണുങ്ങളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ അമ്പലത്തിലെ പൊങ്കാല ദിവസം ഒറ്റ പുരുഷന്മാരെയും അടുപ്പിക്കാറില്ലെന്ന സത്യം തുറന്നുപറഞ്ഞുകൊണ്ടാരംഭിച്ച കുറിപ്പ്, ഉടനെ വിഷയത്തിലേക്ക് കടക്കുകയാണ്. എന്താണ് ആ സമയത്ത് നമ്മുടെ കുട്ടികളുടെ അവസ്ഥ? ഇതിനെ നമുക്ക് ആണ്‍കുട്ടികളുടെ ജയിലെന്ന് വിളിക്കേണ്ടി വരില്ലേയെന്ന ചോദ്യമാണ് തന്റെ ബ്ലോഗിലൂടെ അവരുയര്‍ത്തുന്നത്.
ആയിരത്തിലധികം ആണ്‍കുട്ടികളാണ് പൊങ്കാലയുടെ പേരിലുള്ള പീഡനത്തിന് ഇരയാകുന്നത്. ആണ്‍കുട്ടികളെ കൗപീനം മാത്രമുടുപ്പിച്ച് ദിവസം മൂന്നുനേരവും തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, പരിമിതമായ ഭക്ഷണം മാത്രം നല്കി, അമ്പലത്തിന്റെ നിലത്ത് കിടത്തിയാണ് ഈ ദിവസങ്ങളില്‍ ഉറക്കുന്നത്. ഈ അഞ്ചു ദിവസവും കുട്ടികൾക്ക് മാതാപിതാക്കളെ കാണാന്‍ അനുവാദമില്ല. തുടർന്ന് പൊങ്കാല ഉത്സവത്തിന്റെ അവസാന ദിവസം മഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിച്ച്, പൂമാലയണിയിച്ച്, സ്വര്‍ണാഭരണങ്ങള്‍ ഇട്ട്, ലിപ്സ്റ്റിക് അടക്കമുള്ള മേക്കപ്പ് സാധനങ്ങളാല്‍ അണിയിച്ചൊരുക്കി, ഈ ആണ്‍കുട്ടികളെ വരിവരിയായി നിറുത്തകയാണ്. അവര്‍ അനുഭവിക്കാന്‍ പോകുന്ന അവസാന പീഡനത്തിനുള്ള ഒരുക്കമാണത്. തുടര്‍ന്ന് അവരുടെ ശരീരത്തില്‍ കൂടി ഒരു കമ്പി കുത്തിക്കയറ്റുന്നു. അവര്‍ അലറിക്കരയും, ചോര വരും. തുടര്‍ന്ന് ഈ മുറിവിലേക്ക് ചാരം പൊത്തും. ഇതാണ് കുത്തിയോട്ടമെന്ന ആചാരത്തിന്റെ പേരില്‍ നടക്കുന്നത്- ശ്രീലേഖ പറയുന്നു.
ഇത് ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണ്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നത്. ഈ ആചാരത്തിനു വിധേയരാകുന്ന കുട്ടികള്‍ അനുസരണയോടെ വളരുമെന്നും മികച്ച പഠനം കാഴ്ച വെയ്ക്കുമെന്നുമാണ് മാതാപിതാക്കളുടെ വിശ്വാസം. ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയാകുന്ന കാര്യം മിക്ക കുട്ടികളോടും മാതാപിതാക്കള്‍ നേരത്തെ പറയാറില്ല. കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 89, 319, 320, 349, 350, 351 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.
ഇതിനെതിരേ പരാതിപ്പെടാൻ കുട്ടികൾക്ക് കഴിയാറില്ല. കുട്ടികള്‍ക്ക് വേണ്ടി ആരും ഇക്കാര്യത്തില്‍ പരാതിപ്പെടാനും തയ്യാറാകുന്നുമില്ല. ഇതെല്ലാം ദേവിക്ക് ഇഷ്ടമാണെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. എന്നാല്‍ ദേവിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആരാണ് തീരുമാനിക്കുന്നതെന്നും കുട്ടികൾക്കോ ആറ്റുകാൽ ദേവിക്കോ ഇതേ അഭിപ്രായമായിരിക്കുമോ എന്നും ശ്രീലേഖ ചോദിക്കുന്നു. ഈ അമ്പലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗബലിയും ഉണ്ടായിരുന്നുവെന്നും, ദേവിക്ക് ചോര ഇഷ്ടമാണെന്ന വിശ്വാസമാണ് ഈ ആചാരത്തിന് പിന്നിലെന്നും, അങ്ങനെയെങ്കില്‍ ആരാണ് ദൈവമേ, ദേവിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തീരുമാനിക്കുന്നതെന്നും അവര്‍ കുറിച്ചിരിക്കുന്നു.
ആറ്റുകാല്‍ അമ്മയുടെ ഭക്തയായ താന്‍ 10 വയസ് മുതല്‍ തന്നെ സാധ്യമായ വര്‍ഷങ്ങളിലെല്ലാം പൊങ്കാല അര്‍പ്പിക്കാറുണ്ട്. 22 വയസ്സുള്ളപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി താന്‍ മൂന്ന് പൊങ്കാലകള്‍ നേര്‍ന്നതായും പിന്നീടുള്ള തന്റെ പൊങ്കാലകളെല്ലാം അമ്മയ്ക്കുള്ള നന്ദിസൂചകമായാണ് സമര്‍പ്പിക്കുന്നതെന്നും ശ്രീലേഖ പറയുന്നു.
ഇത് മുതിര്‍ന്ന പുരുഷന്മാര് ചെയ്യുന്ന ഗരുഡന് തൂക്കത്തിന് തുല്യമാണ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത് കണ്ടു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ ഇഷ്ടപ്രകാരമാണ് വിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരം പീഡനങ്ങള്‍ക്ക് തയ്യാറാകുന്നത്. എന്നാല്‍ ഈ കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്നും അവര്‍ പറയുന്നു.
ഇത്തവണ കുത്തിയോട്ടം മാര്‍ച്ച് 2 നാണ്. ഈ വിചിത്രമായ ആചാരം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ.. ഇത്തവണ ഞാന്‍ പൊങ്കാല അര്‍പ്പിക്കുന്നില്ല.. അല്ലെങ്കില്‍ ഈ ക്രൂരമായ ആചാരം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ദൈവികമായ ഇടപെടല്‍ ഉണ്ടാവട്ടെ. ആറ്റുകാല്‍ അമ്മയുടെ ഈ കുഞ്ഞ് ഭടന്മാരെ, അവളുടെ പേരില്‍ ശാരീരികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍, ഞാന്‍ അമ്മയോട് തന്നെ പ്രാര്‍ഥിക്കുകയാണ്. - അവര്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നു.