ഇടിമുഴിക്കലില്‍ പ്രതിഷേധമുയര്‍ന്ന ഭാഗങ്ങളില്‍ ദേശീയപാത സര്‍വെ മാറ്റിവെച്ചു
|ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടധർണ മലപ്പുറം ചേളാരിയിൽ തുടരുകയാണ്.
ദേശീയപാത വികസനത്തിനായി കുറ്റിപ്പുറം ഇടിമുഴിക്കൽ റീച്ചിൽ സ്ഥലം ഏറ്റെടുപ്പ് സർവെ പുരോഗമിക്കുന്നു. ജനങ്ങളുടെ പ്രതിഷേധം നിലനിൽക്കുന്ന ഭാഗങ്ങളിൽ സർവെ താല്‍ക്കാലികമായി നിർത്തിവെച്ചു. ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടധർണ മലപ്പുറം ചേളാരിയിൽ തുടരുകയാണ്.
തേഞ്ഞിപ്പലം മുതൽ ഇടിമുഴിക്കൽ വരെ നാല് കിലോമീറ്റർ ദൂരമാണ് ഇനി സർവെ നടത്തേണ്ടത്. ജനങ്ങളുടെ പ്രതിഷേധം നിലനിൽക്കുന്ന ഇടങ്ങളൊഴിച്ച് ശേഷിക്കുന്ന ഭാഗങ്ങളിലാണ് ഉദ്യോഗസ്ഥർ സർവെ നടത്തുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിലാണ് സർവെ നടപടികൾ. അലൈൻമെന്റിന്റെ അപാകതകൾ നീക്കുന്നതു വരെ സമരം തുടരാനാണ് ചേലേമ്പ്ര ഗൃഹ സംരക്ഷണ സമിതിയുടെ തീരുമാനം.
സർക്കാർ വിളിച്ച യോഗം പ്രഹസനമാണെന്ന് ആരോപിച്ച് ദേശീയപാതാ ആക്ഷൻ കൗൺസിലിന്റെ കൂട്ടധർണ തുടരുകയാണ്. മന്ത്രിതല തീരുമാനത്തിന് ശേഷം പ്രതിഷേധം നിലനിൽക്കുന്ന ഇടങ്ങളിൽ സർവെ നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ.