Kerala
ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കുംഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും
Kerala

ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും

Sithara
|
4 Jun 2018 11:13 PM GMT

പൊലീസ് ഇന്‍റലിജന്‍സിനാണ് അന്വേഷണ ചുമതല. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കി.

സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടന്ന ഹര്‍ത്താലിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും ലീഗും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം അരങ്ങേറിയ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും അക്രമം നടത്തിയ സംഘത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിയാനും ഡിജിപി ലോക്നാഥ് ബെഹ്റ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമേ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കത്‍വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ ശക്തികളെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍ പറഞ്ഞു. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് നൂറോളം പേർ കസ്റ്റഡിയിലുണ്ട്. ഇതിൽ 52 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Tags :
Similar Posts