ലിഗയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല
|മരണം എങ്ങനെയെന്നോ ലിഗ എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തിയെന്നോ പൊലീസിന് വ്യക്തതയില്ല
വിദേശ വനിത ലിഗയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിക്കും. അന്വേഷണ സംഘത്തെയും വിപുലീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിഗയുടെ കുടുംബത്തെ കാണാന്‍ തയ്യാറായില്ലെന്ന വാര്‍ത്ത അടിസ്ഥന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശ വനിത ലിഗയുടെ മൃതശരീരം കണ്ടെത്തി നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദുരൂഹത മാറുന്നില്ല. മരണം എങ്ങനെയെന്നോ ലിഗ എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തിയെന്നോ പൊലീസിന് വ്യക്തതയില്ല. അന്വേഷണ സംഘത്തില്‍ മൂന്ന് എസിപിമാരേകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ 25 അംഗ സംഘമാണ് ഇപ്പോഴുള്ളത്. ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ യോഗം ചേര്‍ന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ഈ റിപ്പോര്‍ട്ടിലൂടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍. അതേസമയം ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലിഗയുടെ സഹോദരി ഇല്‍സ. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടുമെന്നും ഇല്‍സ പറഞ്ഞു.