ചെങ്ങന്നൂർ ഫലം: കോൺഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കും തിരിച്ചടി, തര്‍ക്കം രൂക്ഷമാകും
|ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്തുവരും
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ കോൺഗ്രസിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്തുവരും. ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും നേരിട്ട് നേതൃത്വം നൽകിയിട്ടും എ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരിക്കും ചെന്നിത്തല വിഭാഗം പ്രതിരോധിക്കുക.
ചെങ്ങന്നൂരില്‍ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: "പൊതുതെരഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് വിലയിരുത്തപ്പെടുക". തെരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻചാണ്ടി ഈ പരാമർശം നടത്തിയത് വെറുതെയല്ല. ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പിലേക്ക് ചാടി സ്ഥാനാർഥിയായ വിജയകുമാറിന്റെ പാലം വലിക്കാൻ ഐ ഗ്രൂപ്പ് ശ്രമിക്കരുത്. വിജയകുമാർ പരാജയപ്പെട്ടാൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കകത്ത് തന്നെ ശബ്ദമുയരുന്ന സ്ഥിതിയുണ്ടാക്കാം.
ചെങ്ങന്നൂരിലെ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം എ ഗ്രൂപ്പിന്റെ ഭാഗത്തു നിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ ഉയരും. എന്നാൽ തിരുവഞ്ചൂർ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകുകയും ഉമ്മൻ ചാണ്ടി തമ്പടിച്ച് പ്രചാരണം നടത്തുകയും ചെയ്ത ചെങ്ങന്നൂരിലെ പരാജയം ചൂണ്ടിക്കാട്ടിത്തന്നെയായിരിക്കും ചെന്നിത്തല വിഭാഗം ഇതിനെ പ്രതിരോധിക്കുക.
ഗ്രൂപ്പ് മാറി സ്ഥാനാർത്ഥിയായ ഡി വിജയകുമാറിന്റെ പരാജയം എ ഗ്രൂപ്പിന് ഉണ്ടാക്കിയ പരിക്കും ചെറുതല്ല. ചെങ്ങന്നൂരിലെ തോൽവി ആലപ്പുഴ ജില്ലയിൽ ഐ ഗ്രൂപ്പിനേക്കാൾ ആഘാതമുണ്ടാക്കിയിരിക്കുന്നത് എ ഗ്രൂപ്പിനാണ്.