Kerala
വിഷ്ണുനാഥിന് 2 ലക്ഷം നല്‍കി; രഹസ്യ സിറ്റിംഗ് വേണം: സരിതവിഷ്ണുനാഥിന് 2 ലക്ഷം നല്‍കി; രഹസ്യ സിറ്റിംഗ് വേണം: സരിത
Kerala

വിഷ്ണുനാഥിന് 2 ലക്ഷം നല്‍കി; രഹസ്യ സിറ്റിംഗ് വേണം: സരിത

admin
|
4 Jun 2018 12:16 PM GMT

സാമ്പത്തിക തട്ടിപ്പല്ലാത്ത മറ്റ് ആരോപണങ്ങള്‍ക്ക് രഹസ്യ സിറ്റിംഗ് വേണമെന്ന് സരിത നായര്‍ സോളാര്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക തട്ടിപ്പല്ലാത്ത മറ്റ് ആരോപണങ്ങള്‍ക്ക് രഹസ്യ സിറ്റിംഗ് വേണമെന്ന് സരിത നായര്‍ സോളാര്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഭരണപക്ഷ എംഎല്‍എമാരാണെന്നും സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് മാനവിക യാത്രാ ഫണ്ടിലേക്ക് 2 ലക്ഷം രൂപ നല്‍കി. ഒറ്റപ്പാലത്തും എറണാകുളം ഗസ്റ്റ് ഹൌസിലും വെച്ചാണ് ഓരോ ലക്ഷം രൂപ വീതം നല്‍കിയത്. പാര്‍ട്ടി ഫണ്ടിലേക്കായി ബെന്നി ബഹനാന് 2011ല്‍ 5 ലക്ഷം രൂപ നല്‍കി. ബെന്നി ബെഹനാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.

സോളാര്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണം മുഖ്യമന്ത്രിയാണെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് മുടങ്ങിയ ചെക്കിന് പകരം പണം നല്‍കി. സോളാര്‍ പദ്ധതിക്കായി പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ 113 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെടിഡിസിയുമായി യോജിച്ച് അഞ്ച് പദ്ധതികള്‍ പ്ലാന്‍ ചെയ്തു. താന്‍ എഴുതിയ കത്ത് പബ്ലിക് ഡോക്യുമെന്‍റാക്കാന്‍ താല്‍പര്യമില്ലെന്നും സരിത പറഞ്ഞു.

അതേസമയം സരിത ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് സരിത പറഞ്ഞു.

തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എബ്രഹാം കലമണ്ണില്‍, സലിം രാജ് എന്നിവരുമായുള്ള സംഭാഷണമടങ്ങുന്ന സിഡിയാണ് സരിത ഇന്നലെ ഹാജരാക്കിയത്. സിഡികള്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എയ്ക്ക് എതിരായി ലൈംഗികാരോപണ പരാതി നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ടെന്നും സരിത മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം തന്നെ അറിയിച്ചത് തമ്പാനൂര്‍ രവിയും ബെന്നി ബഹനാനുമാണെന്നും സരിത കമ്മീഷനോട് വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts