വസ്ത്ര വില്പനശാലകളില് സ്ത്രീ ജീവനക്കാരുടെ അവകാശലംഘനം: മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
|വസ്ത്രവില്പനശാലകളിലെ സ്ത്രീ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.
വസ്ത്ര വില്പനശാലകളില് സ്ത്രീ ജീവനക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇരിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഒരു പുരോഗതിയും ഉണ്ടാക്കിയില്ലെന്ന് കമ്മീഷന് വിലയിരുത്തി.
സംസ്ഥാനത്ത് വ്യാപകമായി വസ്ത്ര വില്പനശാലകളില് സ്ത്രീ ജീവനക്കാരുടെ മനുഷ്യാവകാശം ലംഘിയ്ക്കപ്പെടുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊജക്ട് ഫെല്ലോയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനിമ മൊയാരത്താണ് ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. 10 മണിക്കൂറോളം നീളുന്ന ജോലി സമയത്തിനിടെ സ്ത്രീ ജീവനക്കാരെ ഇരിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ അനുവദിക്കുന്നില്ലെന്ന് ആരോപണമുണ്ടെന്ന് കമ്മീഷന് വിലയിരുത്തി.
പല സ്ഥാപനങ്ങളിലും മൂത്രപ്പുരകള്‍ പോലുമില്ല. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ദീര്‍ഘനേരം തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യുന്നത് വെരിക്കോസ് വെയിന്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യവും മാന്യതയും സംരക്ഷിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ലംഘിക്കപ്പെടുന്നു.
2014ല്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടു വന്നെങ്കിലും അതുകൊണ്ട് തൊഴില്‍ സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടായില്ലെന്ന് കമ്മീഷന് വിലയിരുത്തി. മനുഷ്യാവകാശം സംരക്ഷിയ്ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഓര്‍മിപ്പിച്ച കമ്മീഷന് ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ്, ലേബര്‍ കമ്മീഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടു.