സെയില്‍സ് ഗേളുകളുടെ അവകാശസംരക്ഷണം: സംസ്ഥാനത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
|അഡ്വ. അണിമ നല്കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
സംസ്ഥാനത്തെ തുണിക്കടയില്‍ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇതോടെ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടെക്സ്റ്റൈല്‍ ഷോപ്പിലെ സ്ത്രീ ജീവനക്കാരും സമരസംഘടനകളും.
ടെക്സ്റ്റൈല്‍ ഷോപ്പിലെ സ്ത്രീ ജീവനക്കാര്‍ക്ക് ഇരിക്കാനോ പ്രാഥമികകൃത്യം വിര്‍വഹിക്കാനോ ഷോപ്പുടമകള്‍ അവസരം നല്‍കുന്നില്ല എന്നായിരുന്നു പരാതി. ഇതിനായി പെണ്‍കൂട്ടെന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇരിപ്പിടസമരം നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ 2014ല്‍ കേരള ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് ഭേദഗതി ചെയ്തു. പക്ഷേ അപ്പോഴും ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ ജീവനക്കാരുടെ ദുരിതം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് അഡ്വ. അണിമ നല്കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
തുണിക്കടകളിലെ സ്ത്രീ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന നിരീക്ഷണവും കമ്മീഷന്‍ നടത്തി. സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനോ ഇരിക്കാനോ അനുവാദമില്ലെന്ന ആരോപണം ഗൌരവമേറിയതാണ്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.