ദുരൂഹ സാഹചര്യത്തില്‍ കേരളം വിട്ട മൂന്നു കുടുംബങ്ങള്‍ ശ്രീലങ്കയിലെത്തിയിരുന്നു
|ദമ്മാജ് സലഫികളുടെ ശ്രീലങ്കയിലെ കേന്ദ്രത്തിന്‍റെ തലവന്‍ അബു അബ്ദുറഹ്മാന്‍ നവാസുല്‍ ഹിന്ദി ഇക്കാര്യം സ്ഥിരീകരിക്കുന്ന ഓഡിയോ ക്ലിപ്പ് മീഡിയാവണിന് ലഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും അല്‍ഖാഇദയെകുറിച്ചും സംശയമുന്നയിച്ച് ഇവര്‍ സ്ഥാപനം വിട്ടതായും നവാസുല്‍ഹിന്ദി പറയുന്നുണ്ട്.
ദുരൂഹ സാഹചര്യത്തില്‍ കേരളം വിട്ടവരില്‍ മൂന്നു കുടുംബങ്ങള്‍ ശ്രീലങ്കയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ദമ്മാജ് സലഫികളുടെ ശ്രീലങ്കയിലെ കേന്ദ്രത്തിന്‍റെ തലവന്‍ അബു അബ്ദുറഹ്മാന്‍ നവാസുല്‍ ഹിന്ദി ഇക്കാര്യം സ്ഥിരീകരിക്കുന്ന ഓഡിയോ ക്ലിപ്പ് മീഡിയാവണിന് ലഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും അല്‍ഖാഇദയെകുറിച്ചും സംശയമുന്നയിച്ച് ഇവര്‍ സ്ഥാപനം വിട്ടതായും നവാസുല്‍ഹിന്ദി പറയുന്നുണ്ട്.
പാലക്കാട് സ്വദേശി യഹ്യ, കാസര്‍ഗോഡ് പടന്ന സ്വദേശി അഷ്ഫാഖ്,തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് എന്നിവര്‍ കുടുംബത്തോടെ ശ്രീലങ്കയില്‍ എത്തിയിരുന്നതായി ഓഡിയോ ക്ലിപ്പ് സ്ഥിരീകരിക്കുന്നു. ദമ്മാജ് സലഫികളുടെ ശ്രീലങ്കയിലെ ആസ്ഥാനമായ സലഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് ചേര്‍ന്ന ഇവര്‍ ഐഎസ്, ഖവാരിജ്, അല്‍ഖാഇദ എന്നീ വിഷയങ്ങളില്‍ സംശയങ്ങളുന്നയിച്ചതായി സ്ഥാപന മേധാവിയായ അബൂ അബ്ദുറഹ്മാന്‍ നവാസുല്‍ ഹിന്ദി പറയുന്നു.
സംശയ നിവൃത്തി വരുത്താന്‍ ശ്രമിച്ച ശേഷവും ഇവരുടെ സന്ദേഹം തുടര്‍ന്നതിനാല്‍ ഇവര്‍ സ്ഥാപനം വിട്ടതായും നവാസുല്‍ ഹിന്ദി പറയുന്നുണ്ട്. ശരിയായ പണ്ഡിതരില്‍ നിന്നല്ല ഇവര്‍ ഇസ്ലാം പഠിക്കുന്നതെന്നും ഇന്‍റര്‍നെറ്റില്‍ നിന്നാണെന്നും വിശദീകരിക്കുന്ന നവാസുല്‍ ഹിന്ദി ഐഎസിനും അല്‍ഖ്വയ്ദക്കും എതിരായ നിലപാടും വ്യക്തമാക്കുന്നു. യഹ്യ അടക്കമുള്ളവര്‍ എപ്പോഴാണ് ശ്രീലങ്കയില്‍ എത്തിയത് എന്നത് സംബന്ധിച്ചത് ഈ ഓഡിയോ ക്ലിപ്പില്‍ വിവരങ്ങളില്ല.
ശ്രീലങ്കയിലെ സലഫി കേന്ദ്രം വിട്ട ഇവര്‍ എവിടേക്ക് പോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. സിറിയയിലേക്കോ യമനിലേക്കോ പോകാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.