അതിസാരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
|കുറ്റിപ്പുറം കരുവാത്തോട് വീട്ടില്‍ ജമീല (60) ആണ് മരിച്ചത്
മലപ്പുറം കുറ്റിപ്പുറത്ത് അതിസാരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിനി കരുവാതോട്ടില്‍ ജമീലയാണ് മരിച്ചത്. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ഡിഫ്തീരീയക്ക് പുറമെ കോളറ, മഞ്ഞപ്പിത്തം, മലേറിയ, ചികുന്‍ ഗുനിയ തുടങ്ങിയവക്ക് ചികില്‍സ തേടി നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്.
ശക്തമായ വയറിളക്കം മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതാണ് ജമീലയുടെ മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ മാതാവ് കഴിഞ്ഞ ആഴ്ച്ച അതിസാരം ബാധിച്ച് മരിച്ചിരുന്നു. നേരത്തെ ഇവരുടെ അയല്‍വാസികള്‍ക്ക് കോളറ പിടിപെട്ടിരുന്നു. കുറ്റിപ്പുറത്തു മാത്രം 5 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
14 പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, മലേറിയ, ഡെങ്കിപനി തുടങ്ങിയ രോഗങ്ങള്‍ക്കും നിരവധി പേര്‍ ചികിത്സ തേടി ആശുപത്രികളിലെത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ മൂലം ജില്ലയില്‍ ഈ വര്‍ഷം 9 പേര്‍ മരിച്ചു.