Kerala
സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി ശ്രമംസോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി ശ്രമം
Kerala

സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി ശ്രമം

admin
|
5 Jun 2018 1:01 AM GMT

ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളക്ക് ഒരു കോടിയിലധികം രൂപ കൈമാറിയത് ഡല്‍ഹിയില്‍ വെച്ചാണെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പരാതി.

സോളാര്‍ കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളക്ക് ഒരു കോടിയിലധികം രൂപ കൈമാറിയത് ഡല്‍ഹിയില്‍ വെച്ചാണെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. നേരത്തെ ബിജെപി നേതാവ് ഒ രാജഗോപാല്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി സോളാര്‍ കേസ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഡല്‍ഹിയിലെ ചാന്ദ്നി ചൌക്കിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് തോമസ് കുരുവിളക്ക് പണം കൈമാറിയെന്നാണ് സോളാര്‍ കമീഷന് മുന്നില്‍ സരിത നല്‍കിയ മൊഴി. ഇതോടെ, ഡല്‍ഹി പൊലീസിന് നേരിട്ട് കേസില്‍ ഇടപെടാവുന്ന സാഹചര്യമൊരുങ്ങിയതോടെയാണ് കേസ് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ബിജെപി ശ്രമമാരംഭിച്ചത്. ഡല്‍ഹി പോലീസിന് നേരിട്ട് കേസെടുക്കാം. ഡല്‍ഹി പോലീസ് റഫര്‍ ചെയ്താല്‍ കേസ് സിബിഐക്കും അന്വേഷിക്കാം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഈ കേസ് കേന്ദ്ര എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും അതുവഴി സോളാര്‍ വിഷയം ദേശീയ ചര്‍ച്ചയാക്കാനുമാണ് ബിജെപി തീരുമാനം. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ കേന്ദ്ര അഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി. കേസില്‍ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിദേശബന്ധമുണ്ടെന്നും രാജേഷിന്‍റെ പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ടിപി വധം സിബിഎക്കു വിടാനും സമ്മര്‍ദ്ദം ചെലുത്തും. കേരളത്തില്‍ എത്തുന്ന അമിത്ഷായുമായി ഈ കാര്യങ്ങള്‍ സംസ്ഥാന ബിജെപി ഘടകം വീണ്ടും ചര്‍ച്ച ചെയ്തേക്കും.

Similar Posts