കശ്മീരില്‍ വേണ്ടത് രാഷ്ട്രീയ ഇടപെടല്‍: കേന്ദ്രത്തിനെതിരെ ആന്റണി
|പെല്ലറ്റ് കൊണ്ടവരെല്ലാം ഭീകരവാദികളാണെന്ന കേന്ദ്രവാദം സമാധാന ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് എ കെ ആന്റണി
കശ്മീർ വിഷയത്തില്‍ കേന്ദ്ര നിലപാടിനെ ശക്തമായി വിമർശിച്ച് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി രംഗത്ത്. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരകളായവര്‍ ഭീകരവാദികളാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പ്രശ്നപരിഹാരത്തിന് തടസമാണെന്ന് ആന്റണി പറഞ്ഞു. കാശ്മീരിനെ ചൊല്ലി കേന്ദ്രസര്‍ക്കാര്‍ വീരസ്യം പറയുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആന്റണി ഓർമിപ്പിച്ചു.
ജമ്മു കാശ്മീരിലെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പാകിസ്താനെയും കുറ്റപ്പെടുത്തിയാണ് എ കെ ആന്റണി രംഗത്ത് വന്നത്. പാകിസ്താന് പട്ടാളമാണ് ജമ്മു കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ജമ്മു കശ്മീരിലെ ജനങ്ങളേയും ഭീകരവാദികളേയും രണ്ടായി കാണണം. ഇനിയും കൃത്യമായി ഇടപെടാന്‍ വൈകിയാല്‍ കാശ്മീരിനെ ഓര്‍ത്ത് ഇന്ത്യ ദുഖിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ആന്റണി കേന്ദ്ര സര്‍ക്കാരിന് നല്കി.
സര്‍വ്വകക്ഷി സംഘത്തെ കാശ്മീരിലേക്ക് അയക്കണമെന്ന ആവശ്യവും ആന്റണി ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രശ്നങ്ങളെ തുടക്കത്തില്‍ ഗൌരവത്തോടെ കണ്ടില്ലെന്നും ആന്റണി വിമര്‍ശിച്ചു. കേസരി സ്മരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന കശ്മീരിന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തക പ്രകാശന വേളയിലാണ് ആന്റണിയുടെ പ്രതികരണം.