ജിഷ്ണുവിന്‍റെ മാതാവ് എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
|എസ്‌യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്‍യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍....
ജിഷ്ണുവിന്‍റെ മാതാവ് മഹിജ എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സമരം ചെയ്ത് എന്തെങ്കിലും നേടാനുണ്ടായിരുന്നില്ല. മഹിജയുടെ മാനസികാവസ്ഥ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം എല്ലാവരെയും വേദനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സാധാരണയില്‍ കവിഞ്ഞ് പ്രതികളുടെ സ്വത്ത് കണ്ട്കെട്ടാനുള്ള നടപടി വരെ സ്വീകരിച്ചു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട് മാത്രം തീരേണ്ടതായിരുന്നില്ല ജിഷ്ണുവിന്‍റെ അമ്മയുടെ സമരം. സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്നവര്‍ പോലും സമരം സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടാത്തതാണ് സംഭവിച്ചത്. ഈ സമരത്തിന് പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്ത് നേടാനാണ് മഹിജ സമരം നടത്തിയതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പൊലീസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ പൊലീസാണ് പ്രശ്നം വഷളാക്കിയതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ചിലര്‍ വന്ന് നടപടി ആവശ്യപ്പെട്ടാല്‍ അതേത് കൊലകൊമ്പനായാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‍യുസിഐയുടെ പങ്കാളിത്തമുണ്ടെന്ന് ശ്രീജിത്ത് തന്നെ സമ്മതിച്ചിട്ടുണ്ട്. എസ്‌യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അത് നേടാനായി അവരെ കൊണ്ടുപോയിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്‍യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഷാജഹാനെതിരെ വ്യക്തിവിരോധമുണ്ടെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. താന്‍ അധികാരത്തിലെത്തി ഇത്ര നാളായിട്ടും ഷാജഹാനെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ഇപ്പോള്‍ നടന്ന സംഭവങ്ങളുടെ പേരില്‍ പൊലീസ് നടപടിയുണ്ടായെന്ന് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗൂഢാലോചന പൊലീസ് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഡിജിപി ഓഫീസിന് മുന്നില്‍ ബഹളം വച്ചതിനാണ് ഷാജഹാനെ അറസ്റ്റ് ചെയ്തതെന്നും പിണറായി വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി എന്നുതൊട്ടാണ് ഷാജഹാന്‍റെ രക്ഷാധികാരിയായതെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ കാനം രാജേന്ദ്രന്‍ ഇടപെട്ടിട്ടില്ലെന്നും താനുമായി സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തം ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.