ചരിത്രമുറങ്ങുന്ന മാലിക്ദീനാര്‍ മസ്ജിദ്
|കേരളത്തില്‍ ആദ്യമായി ഇസ്ലാം മത പ്രചാരണത്തിനെത്തിയ മാലിക്ദീനാറും സംഘവും പണികഴിപ്പിച്ച പത്ത് പള്ളികളിലൊന്നാണ് ഇത്.
രാജ്യത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ പള്ളികളിലൊന്നാണ് കാസര്‍കോട് തളങ്കരയിലെ മാലിക്ദീനാര്‍ മസ്ജിദ്. കേരളത്തില്‍ ആദ്യമായി ഇസ്ലാം മത പ്രചാരണത്തിനെത്തിയ മാലിക്ദീനാറും സംഘവും പണികഴിപ്പിച്ച പത്ത് പള്ളികളിലൊന്നാണ് ഇത്.
ഹിജ്റ വർഷം 22 റജബ് 13നാണ് കാസര്‍കോട് തളങ്കരയില്‍ ചരിത്രപ്രസിദ്ധമായ മാലിക് ദീനാർ വലിയ ജുമാമസ്ജിദ് നിർമിച്ചത്. രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്ലാമിക പ്രബോധനത്തിന് കേരളത്തിലെത്തിയത്. അതിന് മുന്‍പ് തന്നെ അറബികളുമായി ബന്ധം സ്ഥാപിച്ചിരുന്ന പ്രദേശമാണ് കാസര്‍കോട് ജില്ലയിലെ തളങ്കര. ഇത് കാരണമാവാം കൊടുങ്ങല്ലൂരില്‍ പായക്കപ്പലിലിറങ്ങിയ മാലിക് ദിനാറും അനുയായികളും പിന്നീട് തളങ്കരയിലെത്തിയതെന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം.
എ.ഡി. 642ല്‍ നിര്‍മ്മിച്ച പള്ളി പിന്നീട് 1809ല്‍ പുതുക്കി പണിയുകയായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളില് നൂറുകണക്കിന് വിശ്വാസികളാണ് ഈ റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅഃ നമസ്കാരത്തില്‍ പങ്കെടുക്കാനെത്തിയത്.