സഹകരണ വകുപ്പ് കോര്‍ ബാങ്കിംഗ് പദ്ധതിക്ക് തിരിച്ചടി
|സഹകരണ വകുപ്പില്‍ കോര്‍ ബാങ്കിങ് പൈലറ്റ് പദ്ധതിക്ക് ഏര്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്.
സഹകരണ വകുപ്പില്‍ കോര്‍ ബാങ്കിങ് പൈലറ്റ് പദ്ധതിക്ക് ഏര്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ പ്രായോഗികമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്ധനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇടുക്കിയില്‍ പരീക്ഷിച്ച പദ്ധതിക്ക് ഏഴ് കോടി രൂപയാണ് ചെലവായത്.
സഹകരണ ബാങ്കുകളിലെ അക്കൌണ്ടിങ്ങിനും കോര്‍ ബാങ്കിംഗിനുമായി പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കിയതാണ് പൂര്‍ണമായും പാളിയത്. നെലീറ്റോ കമ്പനിയുടെ ഫിന്‍ക്രാഫ്റ്റ് സോഫ്റ്റ് വെയറാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയത്. ഇതിനായി ഏഴ് കോടി രൂപയാണ് ചെലവഴിച്ചത്. സോഫ്റ്റ് വെയര്‍ വെബ് ബേസ്ഡ് അല്ലെന്ന പോരായ്മയാണ് പ്രധാനമായുമുള്ളത്. തര്‍ജ്ജമ സാധ്യമല്ലെന്നും ബാങ്കിന്‍റെ നടത്തിപ്പ് സംബന്ധിച്ചുള്ള ഹിസ്റ്ററി കമ്പ്യൂട്ടറില്‍ ലഭ്യമാകില്ലെന്നതും ഈ സോഫ് വെയറിന്‍റെ പാളിച്ചയായി കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്ധന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു പ്രാഥമിക സഹകരണബാങ്കില്‍ വായ്പക്കും നിക്ഷേപത്തിനും പുറമെ ചിട്ടി, നീതി സ്റ്റോര്‍, നീതി ലാബ് തുടങ്ങിയ സംരംഭങ്ങളുടെ വിവരങ്ങളും അംഗങ്ങളുടെ ലാഭവിഹിതം, ഓഹരി തുടങ്ങിയവയുടെ നടത്തിപ്പുമുണ്ട്. ഇപ്പോള്‍ നടപ്പാക്കിയ ഫിന്‍ക്രാഫ്റ്റ് സ്റ്റോഫ്റ്റ് വെയറില്‍ ഇവ ലഭ്യമല്ല. സര്‍ക്കാരിന്‍റെ ഉത്തരവിലല്ല ഫിന്‍ക്രാഫ്റ്റ് സോഫ്റ്റ് വെയര്‍ ഇടുക്കിയിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നടപ്പാക്കിയത്. ജില്ലയിലെ 71 സഹകരണ ബാങ്കുകളില്‍ പല ബാങ്കുകളും പദ്ധതിയില്‍ നിന്ന് വിട്ടുനിന്നു. 2018ല്‍ കേരളാ ബാങ്ക് രൂപീകരണത്തോടെ കേരളത്തിലെ പ്രൈമറി സഹകരണ ബാങ്കുകള്‍ക്കായി പുതിയ സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ നടപ്പാക്കാനിരിക്കെയാണ് പരീക്ഷണം നടത്തി കോടികള്‍ പാഴാക്കിയത്.