അഡ്വ ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
|ചാലക്കുടി മജിസ്ട്രേറ്റ് കോടതിയാണ് ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റിയത്...
ചാലക്കുടി രാജീവ് വധക്കേസിൽ അറസ്റ്റിലായ അഡ്വക്കെറ്റ് ഉദയഭാനുവിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിലാണ് ഉദയഭാനുവിനെ ഹാജരാക്കിയത്. ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റി.
കൊലപാതകം ആദ്യ നാല് പ്രതികൾക്ക് പറ്റിയ കൈയ്യബദ്ധമാണെന്ന് ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞതായാണ് സൂചന. കേസിലെ മുഖ്യ പ്രതി ചക്കര ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു മൊഴി നൽകിയതായാണ് വിവരം. ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രാക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അഡ്വ. സി പി ഉദയഭാനുവിനെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ഷംസുദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
120 ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഫോൺ രേഖകളും രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊടുത്ത പരാതി അടക്കം എട്ട് പ്രധാന തെളിവുകളാണ് ഉദയഭാനുവിനെതിരെ പൊലീസിന്റെ കയ്യിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷമാണ് ഉദയഭാനുവിനെ കോടതിയിൽ ഹാജരാക്കിയത്.