Kerala
സിപിഎം സംസ്ഥാന കമ്മറ്റി ഇന്ന്; തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ചയാവുംസിപിഎം സംസ്ഥാന കമ്മറ്റി ഇന്ന്; തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ചയാവും
Kerala

സിപിഎം സംസ്ഥാന കമ്മറ്റി ഇന്ന്; തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ചയാവും

Sithara
|
5 Jun 2018 3:56 AM GMT

തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോർട്ടും ഹൈക്കോടതി പരാമർശവും യോഗത്തിൽ ചർച്ചക്ക് വന്നേക്കും

രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോർട്ടും ഹൈക്കോടതി പരാമർശവും യോഗത്തിൽ ചർച്ചക്ക് വന്നേക്കും. നാളെയാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഇടത് മുന്നണി യോഗം.

കോടതി വിമർശവും ത്വരിതാന്വേഷണവും അടക്കം തോമസ് ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം മുറുകിയ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ നേതൃയോഗം. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന സിപിഐ നിലപാടും പുറത്തുവന്നു. രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ തോമസ് ചാണ്ടി തന്നെയാകും പ്രധാന അജണ്ട. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും അതിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളും കോടിയേരി കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. മുന്നണി യാത്രക്കിടെ ചാണ്ടി നടത്തിയ വെല്ലുവിളി വിമര്‍ശവിധേയമാവും. കലക്ടറുടെ റിപ്പോർട്ടിന്മേൽ എജി നൽകിയ നിയമോപദേശം എതിരാണെങ്കിൽ സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചക്ക് വരും.

തോമസ് ചാണ്ടിയെ ഇനി പിന്തുണക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. എങ്കിലും നാളെ ഉച്ചകഴിഞ്ഞ് ചേരുന്ന മുന്നണി യോഗത്തിലായിരിക്കും മന്ത്രിസഭയില്‍ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടാവുക. ചാണ്ടിയെ മാറ്റി നിർത്തണമെന്ന് സിപിഐ ആവശ്യപ്പെടുമ്പോൾ കോടതി തീരുമാനം വരെ കാത്തിരിക്കണമെന്ന നിലപാട് എൻസിപിയും സ്വീകരിച്ചേക്കും. എജിയുടെ നിയമോപദേശം കൂടി പരിഗണിച്ച് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമായിരിക്കും തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുക.

Related Tags :
Similar Posts