കാസര്‍കോട് ജില്ലയുടെ മലയോര ഗ്രാമങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷം
|മലയോര മേഖലയിലെ കൃഷിത്തോട്ടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ആനകള്‍ വരുത്തുന്നത്
കാസര്‍കോട് ജില്ലയുടെ മലയോര ഗ്രാമങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. മലയോര മേഖലയിലെ കൃഷിത്തോട്ടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ആനകള്‍ വരുത്തുന്നത്. പ്രദേശത്ത് സോളാര്‍ വേലികള്‍ നിര്‍മ്മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ ഒളിയത്തടുക്കം, പള്ളഞ്ചി, തീര്‍ത്ഥങ്കര മേഖലകളിലും മുളിയാര്‍ പഞ്ചായത്തിലെ കുണ്ടുകൊച്ചി, കൊട്ടന്കുഴി തുടങ്ങിയ ഭാഗങ്ങളിലുമാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. രാത്രികാലങ്ങളില്‍ സമീപത്തെ കാടുകളില്‍ നിന്നും കൂട്ടമായി പുറത്തിറങ്ങുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ആനകള്‍ കൃഷിതോട്ടങ്ങളിലേക്ക് കടക്കുന്നത് തടയാനായി സോളാര്‍ വേലികള്‍ നിര്‍മ്മിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടാനകളില്‍ നിന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.