ജെഡിയു വിട്ട് പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി വീരേന്ദ്രകുമാര്‍
|മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
എംപി സ്ഥാനം രാജിവെയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനായി ജെഡിയു സംസ്ഥാന സമിതി യോഗം അടുത്ത മാസം 17ന് കോഴിക്കോട് ചേരും. ജെഡിയു ബന്ധം അവസാനിപ്പിച്ച് പ്രാദേശിക പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് വീരേന്ദ്രകുമാറിന്‍റെ നീക്കം. മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാന കമ്മറ്റി ചേരുന്നതിന് മുമ്പേ തന്നെ വീരേന്ദ്രകുമാറിന്‍റെ മനസിലുള്ളത് എല്ലാവര്‍ക്കും വ്യക്തമായി കഴിഞ്ഞു. വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെയ്ക്കുമെന്നും ഉറപ്പായി. പക്ഷേ സംസ്ഥാന രാഷ്ട്രീയത്തിലെ വീരേന്ദ്രകുമാറിന്‍റെ നീക്കങ്ങള്‍ എന്തെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകണമെന്നാണ് നേതാക്കളുടെ പക്ഷം. എംപി സ്ഥാനം രാജിവെയ്ക്കുന്നതോടെ നീതീഷ്കുമാറിന്‍റെ ജെഡിയുമായുള്ള പേരിനെങ്കിലുമുള്ള ബന്ധം അവസാനിക്കും. അതോടെ പുതിയ രാഷ്ട്രീയ സംവിധാനം കേരളത്തില്‍ വേണ്ടി വരും. പുതിയ പ്രാദേശിക പാര്‍ട്ടിയെന്നതാണ് വീരേന്ദ്രകുമാര്‍ നല്‍കുന്ന സൂചന. എസ്ജെഡി പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കും.
നിതീഷ് കുമാറിന്‍റെ പേര് പറഞ്ഞ് എംപി സ്ഥാനം രാജിവെയ്ക്കുന്നതിന് പിന്നാലെ യുഡിഎഫ് ബന്ധവും അവസാനിപ്പിക്കാനാണ് വീരേന്ദ്രകുമാറിന്‍റെ നീക്കം. ഇതിന് മുന്നോടിയായാണ് യുഡിഎഫ് സംവിധാനത്തെ ലക്ഷ്യമിട്ടുള്ള വീരേന്ദ്രകുമാറിന്‍റെ പരാമര്‍ശങ്ങളെന്നാണ് ജെഡിയു നേതാക്കള്‍ കരുതുന്നത്. എന്നാല്‍ ജെഡിയു മുന്നണി വിടില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും യുഡിഎഫ് നേതാക്കള്‍.
ഇടത് മുന്നണിയിലേക്ക് പോകാനാണ് തീരുമാനമെങ്കല്‍ യുഡിഎഫ് പക്ഷത്ത് നിലകൊള്ളണമെന്ന ശക്തമായ നിലപാട് മുന്‍പേ സ്വീകരിച്ചിട്ടുള്ള കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എതിര്‍പ്പ് ഉയരാനാണ് സാധ്യത.