ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല പിണറായിയുടെതെന്ന് ഹരീഷ് വാസുദേവന്‍
|ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്
വീടുകൾ കയറി ആളുകളെ നേരിൽ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല, ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്ന് ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനാണ്. വീടുകൾ കയറി ആളുകളെ നേരിൽ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല, ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങൾ.
പക്ഷെ മനോരമയും മാതൃഭൂമിയുമാണ് സത്യത്തിൽ കേരളം ഭരിക്കുന്നത്. ഉമ്മൻചാണ്ടി മോഡൽ വൈകാരിക ഷോ ആണ് അവർക്ക് വേണ്ടത്. "രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി"
"ഉറക്കം ഇല്ലാത്തതിനാൽ പ്രഷർ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിക്കുന്ന ഭാര്യ കമല" "മണലിൽ പൂണ്ട ആംബുലൻസ് തള്ളാൻ ആവേശമായി മുഖ്യമന്ത്രിയും" എന്നിങ്ങനെ അവർക്ക് വേണ്ടതു പോലുള്ള 'ദുരന്ത വാർത്ത'കളും ഉണ്ടാക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി അനുഭവിക്കും.