എകെജിക്കെതിരായ അധിക്ഷേപം: ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം
|വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ പോലും നേതാക്കള്‍ ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് ഹസന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്.
എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ബല്‍റാമിന്റെ പരാമര്‍ശം അനുചിതമായെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശം വ്യക്തിപരമാണ്. പാര്‍ട്ടിയുടെതല്ല എന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് എം എം ഹസന്.
എകെജിയുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. എകെജി എന്നല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ബല്‍റാം തെറ്റ് തിരിത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
വിടി ബല്‍റാമിന്റെ അറിവില്ലായ്മയും വകതിരിവില്ലായ്മയുമാണ് എകെജിയെ അധിക്ഷേപിച്ചതിന് പിന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഈ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ബല്‍റാമിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എകെജിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കന്മാരെ ഒന്നടക്കം അസഭ്യം പുലമ്പുന്ന മന്ത്രിമാരെ നിലയ്ക്ക്നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസ് നേതാക്കളോടുള്ള സാരോപദേശമെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ മറുപടി നല്കി.